എള്ള് കൃഷിയില്‍ വിജയഗാഥയുമായി തില്ലങ്കേരി 4 ഏക്കറിലെ കൃഷി വിളവെടുത്തു
എള്ള് നമ്മള് കാര്യായിറ്റ് ഉപയോഗിക്ക്ന്നെ പ്രസവരക്ഷാ മരുന്നിനും പിന്ന പലഹാരങ്ങളില്‍ ഇടാനും ആന്ന്... എള്ള് നല്ലയല്ലെ എല്ലത്തിനും' എള്ളിന്റെ ഉപയോഗത്തെക്കുറിച്ചും, ഗുണത്തെക്കുറിച്ചും വാചാലയാവുകയാണ് പത്മിനി ചേച്ചി. വിളവെടുപ്പിനായി പാകമായി നില്ക്കുന്ന എള്ളിന് ചെടികളെ നോക്കിയാണ് അവര്‍ തന്റെ അറിവ് പങ്കുവെച്ചത്. തില്ലങ്കേരി പഞ്ചായത്തിലെ എള്ളുകൃഷി വിളവെടുപ്പ് ഉദ്ഘാടന പരിപാടിക്ക് എത്തിയതായിരുന്നു അവര്‍.
ഈ ഗ്രാമത്തിന് പേര് ലഭിച്ചത് തന്നെ സമൃദ്ധമായ എള്ള് കൃഷിയില്‍ നിന്നാണെന്നും പറയപ്പെടുന്നു. തിലം എന്നാല്‍ എള്ള് എന്നും കരി എന്ന കൃഷിസ്ഥലമാണെന്നും ഇങ്ങനെ എള്ള് കൃഷി ചെയ്യുന്ന സ്ഥലമായതിനാലാണ് ഈ പേര് വന്നതെന്നുമാണ് പറയപ്പെടുന്നത്. തങ്ങളുടെ ഈ പാരമ്പര്യത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിനെ തരിശുരഹിതമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കലില്‍ 4 ഏക്കര്‍ സ്ഥലത്ത് എള്ളിന് കൃഷിയിറക്കിയത്. മുന്‍പ് പാഷന് ഫ്രൂട്ട് കൃഷി, ചെണ്ടുമല്ലി കൃഷി എന്നിവ നടത്തി വിപ്ലവം സൃഷ്ടിച്ച പഞ്ചായത്ത് ആദ്യമായാണ് എള്ള് കൃഷി പരീക്ഷിക്കുന്നത്. അത് വലിയ വിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍. വിളവെടുത്ത എള്ള് കുടുംബശ്രീയുടെ തന്നെ ഉല്‍പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. ഇപ്പോള്‍ വിളവെടുത്ത സ്ഥലത്ത് തുടര്‍ച്ചയായി എള്ള് കൃഷി ഇറക്കാന്‍ തന്നെയാണ് പഞ്ചായത്തിന്റെയും ബന്ധപ്പെട്ടവരുടെയും ആലോചന.
ജില്ലയ്ക്ക് തന്നെ മാതൃകയായ കൂട്ടായ്മയാണ് തില്ലങ്കേരി പഞ്ചായത്തിന്റേത് എന്ന് എള്ള് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ പൊതുവികസനത്തിന് പ്രവര്‍ത്തിക്കുന്ന വലിയ മുന്നേറ്റങ്ങള്‍ ആണ് പഞ്ചായത്തില്‍ നടക്കുന്നത്. കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തിയെടുക്കാന്‍ പഞ്ചായത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷി വകുപ്പിന്റെയും തൊഴിലുറപ്പ് സംഘങ്ങളുടെയും ഹരിതകേരളമിഷന്റെയും കുടുംബശ്രീയുടെയും ആത്മ കണ്ണൂരിന്റെയും പിന്തുണയാണ് എള്ള് കൃഷി വിജയകരമാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് ജോസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി കെ കാര്‍ത്യായനി, അംഗം എം പ്രശാന്തന്, സെക്രട്ടറി സുനില്‍കുമാര്‍,തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഷൈമ,തില്ലങ്കേരി പഞ്ചായത്ത് അംഗം യൂ സി നാരായണന്, തില്ലങ്കേരി കൃഷി ഓഫീസര്‍ കെ അനുപമ, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍, കര്‍ഷകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ 35 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കിയതോടെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമപഞ്ചായത്ത് എന്ന അംഗീകാരത്തിന്റെ നിറവിലാണ് ഇപ്പോള്‍ പഞ്ചായത്ത്. 14.4 ഹെക്ടര്‍ വയലും 20.76 ഹെക്ടര്‍ കരപ്രദേശവും കൃഷിയോഗ്യമാക്കി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ,
- Log in to post comments