Skip to main content

ബദല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കണം-ജില്ലാ കളക്ടര്‍

ഒറ്റത്തവണ  ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ബദല്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. 

പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും മറ്റു മാലിന്യങ്ങളും മനുഷ്യനും പരിസ്ഥിതിക്കും ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്താണ് നിരോധനം നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുക്കാതെ ഇത്തരം വസ്തുക്കള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. നിരോധിത പട്ടികയിലുള്ളവയ്ക്കു പകരം ബദല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം. 

ബദല്‍ ഉത്പന്നങ്ങള്‍ വ്യാപകമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. നിലവില്‍ ജില്ലയിലെ 15 പഞ്ചായത്തുകളില്‍ തുണി സഞ്ചികള്‍ നിര്‍മിക്കുന്നുണ്ട്. പനച്ചിക്കാട്, പാമ്പാടി, ചിറക്കടവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂരോപ്പട, അയര്‍ക്കുന്നം, അയ്മനം, കാഞ്ഞിരപ്പള്ളി, പാറത്തോട്, എരുമേലി, മണിമല, കല്ലറ, വാകത്താനം, വാഴൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം യൂണിറ്റുകളുള്ളത്. കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമെ കുടുംബശ്രീയുടെ 16 യൂണിറ്റുകള്‍ തുണിസഞ്ചിയും പേപ്പര്‍ ബാഗുകളും നിര്‍മിക്കുന്നുണ്ട്. 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ചോളം സ്റ്റാര്‍ച്ച് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഇവ താരതമ്യേന വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്.

പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഉത്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം യൂണിറ്റുകള്‍ തുടങ്ങുന്നതിന് തയ്യാറാകുന്ന സംരംഭകര്‍ക്ക് പിന്തുണയും സഹായവും ലഭ്യമാക്കും. 

പ്ലാസ്റ്റിക് ഉത്പന്ന യൂണിറ്റുകള്‍ ബദല്‍ ഉത്പന്ന നിര്‍മാണ കേന്ദ്രങ്ങളാക്കി മാറ്റണം.  പരിസ്ഥിതിക്ക് ഹാനികരമാകാത്ത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള പദ്ധതികളുമായി സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണം. നമ്മുടെയും ഭാവി തലമുറകളുടെയും സുരക്ഷയെ കരുതിയുള്ള പ്ലാസ്റ്റിക് നിരോധനം  വിജയകരമായി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്-കളക്ടര്‍ പറഞ്ഞു.

date