Skip to main content
തിരുവല്ല എസ്.സി.എസ് ക്യാമ്പസിലെ  ഡോ.അലക്സാണ്ടര്‍ മാര്‍ തോമ ഓഡിറ്റോറിയത്തില്‍ മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ ദാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു. 

മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ദാനം ഗവര്‍ണര്‍ നിര്‍വഹിച്ചു  എല്ലാ വിഭാഗത്തില്‍പെട്ടവരേയും ഉള്‍പ്പെടുത്തിയതില്‍  സന്തോഷം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജാതിമത ഭേദമന്യേ എല്ലാ വിഭാഗത്തില്‍പെട്ട ആളുകളേയും പ്രളയാനന്തര ഭവനനിര്‍മ്മാണ പദ്ധതിയില്‍  മലങ്കര മാര്‍ത്തോമ സുറിയാനി സഭ ഭാഗമാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവല്ല എസ്.സി.എസ് ക്യാമ്പസില്‍ ഡോ.അലക്സാണ്ടര്‍ മാര്‍ തോമ ഓഡിറ്റോറിയത്തില്‍ മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ ദാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2018 ലെ പ്രളയാനന്തര ഭവന നിര്‍മ്മാണപദ്ധതിയിലൂടെ മലങ്കര മാര്‍ത്തോമ സുറിയാനിസഭ ഓരോ കുടുംബത്തിനും നല്‍കിയ താക്കോല്‍ സുരക്ഷിതവും ആത്മവിശ്വാസത്തോടെയുള്ള ജീവിതത്തിലേയ്ക്കുള്ള ഭാവിയുടെ താക്കോലാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍ധനരായ രോഗികള്‍ക്കായി രൂപീകരിച്ച സ്നേഹകരം എന്ന  ചികിത്സാ സഹായപദ്ധതി  സഭയുടെ  വളര്‍ച്ചയിലെ നാഴികക്കല്ലുകളാണെന്നും അദ്ദേഹം പറഞ്ഞു. 

സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രളയത്തെ മലയാളികള്‍ ഒറ്റകെട്ടായി നിന്നു നേരിട്ടുവെന്ന് ജോസഫ് മാര്‍ തോമ മെത്ത്രാപൊലീത്ത അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പ്രളയത്തില്‍ എല്ലാം നശിച്ച മനുഷ്യര്‍ക്ക് ഒരു കൈത്താങ്ങായിട്ടാണു ഭവന നിര്‍മ്മാണം പദ്ധതി ആവിഷ്‌ക്കരിച്ചത്. ഭവന നിര്‍മ്മാണത്തിന് എട്ടുകോടി രൂപയും, പുനര്‍ നിര്‍മ്മാണത്തിന് രണ്ടര കോടി രൂപയുമാണ് ദുരിതം അനുഭവിച്ച സഹോദരങ്ങള്‍ക്കായി സഭ മാറ്റിവച്ചത്. മാര്‍ത്തോമാ സുറിയാനി സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രളയത്തില്‍ വീട് നഷ്ട്ടപെട്ട 60 കുടുംബങ്ങള്‍ക്കാണു വീട് നിര്‍മിച്ചു നല്‍കിയത്. ആയിരത്തോളം അപേക്ഷകളില്‍ നിന്നു തെരഞ്ഞെടുത്ത 102 പേരെയാണു പദ്ധതിയുടെ ഭാഗമാക്കിയത്. ഇതിന് പുറമെ ഭാഗികമായി വീട് തകര്‍ന്നവര്‍ക്കും ഭവന നിര്‍മ്മാണ പദ്ധതിയില്‍ പുനര്‍ നിര്‍മ്മാണം ചെയ്തു നല്കി.  

ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി കെ.ജി ജോസഫ്, ചണ്ഡീഗര്‍ മുന്‍ ചീഫ് സെക്രട്ടറി ജോയ് ഉമ്മന്‍, സഭാ ഖജാന്‍ജി പി.പി അച്ചന്‍കുഞ്ഞ്,  സഭാ അംഗം ജോണ്‍ എബ്രഹാം, മുന്‍ രാജ്യസഭാംഗം  പി.ജെ കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

date