Skip to main content

ആര്‍ദ്രം രണ്ടാം ഘട്ടത്തില്‍ വൈകുന്നേരം വരെ ഒ.പി സംവിധാനത്തിന് പ്രാധാന്യം - മന്ത്രി എ കെ ശശീന്ദ്രന്‍

 

 

 

സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ നിലവില്‍ ഉച്ചവരെയുള്ള ഒ.പി സംവിധാനം വൈകുന്നേരം വരെയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. തിരുവള്ളൂര്‍ സിഎച്ച്‌സി ഈവനിംഗ് ഒ.പി ഉദ്ഘാടനവും സമഗ്രമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
               
സംസ്ഥാനത്തെ ആശുപത്രികള്‍ മുഴുവന്‍ പരിഷ്‌ക്കരണത്തിന്റേയും വികസനത്തിന്റേയും പാതയിലാണ് .അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുകയാണ്. 1000 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിലവാരം വര്‍ധിപ്പിക്കും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആറ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 17 കോടി 75 ലക്ഷത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ആണ് തിരുവള്ളൂര്‍ സിഎച്ച്‌സി വികസനത്തിനായ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടിക്ക് കൈമാറി.

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ എന്‍ ഉഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മലയില്‍ സ്വാഗതം പറഞ്ഞു.

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ബാലന്‍, തോടന്നൂര്‍ ബ്ലോക്ക് ബിഡിഒ ജോബി സാലസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 

date