കൊച്ചനിയനും ലക്ഷ്മി അമ്മാളും 'ഔദ്യോഗിക' ദമ്പതിമാരായി
കൊച്ചനിയനും ലക്ഷ്മി അമ്മാളും സർക്കാരിന്റെ രേഖയിൽ 'ഔദ്യോഗിക' ദമ്പതിമാരായി. പുതുവത്സരത്തിൽ തൃശൂർ കോർപറേഷന്റെ ഏറെ പ്രാധാന്യം അർഹിക്കുന്ന തീരുമാനമായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവരെ നടത്തിക്കാതിരിക്കുക എന്നത്. സംസ്ഥാനത്താദ്യമായി സർക്കാർ വൃദ്ധസദനത്തിൽ നടന്ന ആദ്യ വിവാഹം എന്ന നിലയിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ ഒത്തുചേരലായിരുന്നു ഇവരുടേത്. വൃദ്ധ സദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിയമപരമായി വിവാഹം കഴിക്കാം എന്ന സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവോടെയാണ് ഇവർ വിവാഹിതരായത്. അറുപത്തിയേഴുകാരൻ കൊച്ചനിയനെയും, അറുപത്തിയാറുകാരി ലക്ഷ്മി അമ്മാളെയും കോർപ്പറേഷൻ ഓഫീസിൽ വന്ന് കാത്തിരുത്തി ബുദ്ധിമുട്ടിക്കാതെ അധികൃതർ വിവാഹം രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. കോർപറേഷൻ ജനന, മരണ, വിവാഹ രജിസ്ട്രേഷൻ നടത്തുന്നതിന്റെ ചുമതലയുള്ള സബ് രജിസ്ട്രാർ എം ജലീലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വൃദ്ധസദനത്തിൽ നേരിട്ട് എത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
താലികെട്ടിന് നേതൃത്വം നൽകിയ മേയർ അജിത വിജയൻ ഇവരുടെ വിവാഹ രജിസ്ട്രേഷനും എത്തി. വിവാഹ സർട്ടിഫിക്കറ്റ് കയ്യോടെ ഒപ്പ് വെച്ച് സീലും പതിപ്പിച്ച് മേയർ ഇരുവർക്കും കൈമാറി. കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വൃദ്ധ സദനം മാനേജ്മെന്റ് കമിറ്റി ചെയർമാനുമായ ജോൺ ഡാനിയേലും, വൃദ്ധ സദനം സൂപ്രണ്ട് വി ജി വിജയകുമാറും സാക്ഷികളായി.
- Log in to post comments