Skip to main content

കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കാന്‍ അവസരം

 

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയില്‍ കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുളള ചെറുതും വലുതുമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം സബ്‌സിഡിയോടെ ലഭിക്കുന്നതിന് അവസരം. കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്ക് അപേക്ഷിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്‌സിഡി ലഭ്യത എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധ്യമാകും.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും താത്പര്യമുളള യന്ത്രം വിലപേശി വാങ്ങുന്നതിനും പദ്ധതി അവസരം ഒരുക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും അപേക്ഷിക്കുവാനുമായി agrimachinery.nic.in  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും കൃഷി ഓഫീസുകളിലോ കാക്കനാടുളള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിങ് ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ 9496154892, 8139087034, 9446024513, 04842422974.

 

date