കൊച്ചിന്‍ ഫഌര്‍ഷോ 2020 (പുഷ്പ സസ്യ പ്രദര്‍ശനം) ജനുവരി 12 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍
കൊച്ചി: എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 38ാമത് കൊച്ചിന്‍ ഫഌര്‍ഷോ 2020 (പുഷ്പ സസ്യ പ്രദര്‍ശനം) ജനുവരി 12 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. അന്‍പതിനായിരത്തില്‍പ്പരം പൂച്ചെടികളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. രണ്ടായിരത്തില്‍പ്പരം റോസാചെടികളും, ആയിരത്തില്‍പ്പരം ഓര്‍ക്കിഡുകളും, ഗ്രാഫ്റ്റ് ചെയ്ത അഡീനിയം, കൂടാതെ പെറ്റിയൂണിയ, ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പൊയിന്‍സെറ്റിയയുടെ നവീന ഇനമായ പ്രിന്‍സ് സെറ്റിയ, വിവിധ ഇനം ജമന്തികള്‍ തുടങ്ങി അമ്പതില്‍പ്പരം ഇനങ്ങളില്‍ പെടുന്ന പൂച്ചെടികളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബോണ്‍സായി ചെടികളും അപൂര്‍വ്വ ഔഷധ ചെടികളും നക്ഷത്ര വൃക്ഷങ്ങളും ഒരുക്കിയിരിക്കുന്നു.5000 ചതുരശ്ര അടിയില്‍ പുഷ്പാലങ്കാരത്തിനായി പ്രത്യേക പവിലിയന്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ചെടികള്‍, പൂക്കള്‍ എന്നിവ കൊണ്ടുളള ഇന്‍സ്റ്റലേഷനും ഈ ഫഌര്‍ഷോയുടെ പ്രത്യേകതയാണ്. സംസ്ഥാന കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേരഫെഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങി സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.റോസ്, ചെമ്പരത്തി, കളളിമുള്‍ ചെടികള്‍, ഓര്‍ക്കിഡ്, ടോപ്പിയറി (ആകര്‍ഷകമായ രീതിയില്‍ രൂപമാറ്റം ചെയ്ത ചെടികള്‍) എന്നീ ചെടികള്‍ക്കായി ആറോളം പ്രത്യേക പവലിയനുകള്‍ അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫോട്ടോ ബൂത്തുകളും സെല്‍ഫി സ്‌പോട്ടുകളും ഒരുക്കിയിട്ടുണ്ട്. മികച്ച സെല്‍ഫിക്ക് ദിവസവും സമ്മാനമുണ്ടായിരിക്കും. ജനുവരി 11ന് കുട്ടികള്‍ക്കായി പുഷ്പരാജകുമാരന്‍, പുഷ്പരാജകുമാരി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
- Log in to post comments