കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയേകി ക്യാന്‍ കുട്ടനാട്
ആലപ്പുഴ: കുട്ടനാടിന് പുതുജീവന്‍ നല്‍കാനായി ആരംഭിച്ച ബഹുജന പദ്ധതിയായ 'ക്യാന്‍ കുട്ടനാട്' കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കും. കുട്ടനാട്ടിലെ നാട്ടുതോടുകള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് പദ്ധതി തുടക്കമിട്ടത്. നെടുമുടി ഗ്രാമപ്പഞ്ചായത്തിലെ 5, 6, 7 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ചെമ്പുപുറം പാലം മുതല്‍ പൈക്കര പാലം വരെയുള്ള 2.4 കിലോമീറ്റര്‍ നീളമുള്ള നാട്ടുതോട് മെയ് മാസത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൃത്തിയാക്കിയിരുന്നു. തോട്ടില്‍ അടിഞ്ഞുകൂടിയ ചെളി നീക്കംചെയ്ത് ഇരുകരകളിലെയും കാടും പടലും വെട്ടിനീക്കി നീരൊഴുക്ക് സുഗമമാക്കിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ പഞ്ചായത്തിലെ 40 കിലോമീറ്റര്‍ തോടുകളാണ് ചെളി നീക്കം ചെയ്ത് കയര്‍ ഭൂ വസ്ത്രം വിരിച്ച് സംരക്ഷിക്കുക. കിലയും ബോംബെ ഐ.ഐ.ടിയും ചേര്‍ന്ന് നടത്തിയ പഠനങ്ങളിലൂടെയാണ് കുട്ടനാടിന്റെ വെള്ളപൊക്കം തടയുന്നതിനും കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതിനുമായി ക്യാന്‍ കുട്ടനാട് പദ്ധതിക്ക് തുടക്കമിട്ടത്. തോട് ആഴം കൂട്ടുന്നതില്‍ നിന്നും ലഭിക്കുന്ന ചെളി ഉപയോഗിച്ച് പുറംബണ്ട് നിര്‍മ്മിക്കും.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തും നെടുമുടി ഗ്രാമപ്പഞ്ചായത്തും മുന്‍കൈയടുത്ത് നടത്തുന്ന ഈ മാതൃകാ പരിപാടിക്ക് ഐ.ഐ.ടി. ബോംബെ, കില, ക്യാന്‍ ആലപ്പി, തുടങ്ങിയവര്‍ സാങ്കേതിക സഹായം നല്‍കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാന്‍ കുട്ടനാട് ആലോചന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം മഞ്ജു, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ ചാക്കോ, കില പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments