Skip to main content

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം  ജില്ലയില്‍ വിപുലമായി നടത്തും 

നഗരസഭ-ബ്ലോക്ക്തല സംഗമങ്ങള്‍ 18നകം നടത്തും;

ജില്ലാതല സംഗമം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും

 

സംഗമത്തില്‍ വിവിധ സേവന വകുപ്പുകളുടെ സ്റ്റാളുകളും

 

 ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഗുണഭോക്തൃ സംഗമവും 5000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നടത്തും. സംസ്ഥാനത്ത് ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടു ലക്ഷം വീടുകളുടെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാകും. ഇതോടനുബന്ധിച്ച് ജനുവരി 18ന് മുന്‍പ് ജില്ലയിലെ നഗരസഭ, ബ്ലോക്ക് തലങ്ങളില്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും വിവിധ സേവന വകുപ്പുകളുടെ അദാലത്തും നടത്തും. 

ജില്ലയിലെ അടൂര്‍, പന്തളം, പത്തനംതിട്ട, തിരുവല്ല എന്നീ നാലു നഗരസഭകളിലും ഇലന്തൂര്‍, കോയിപ്രം, കോന്നി, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ എട്ടു പഞ്ചായത്തുകളിലാണു കുടുംബ സംഗമം നടക്കുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്റ്റാളുകളുടെ പ്രവര്‍ത്തനവും കുടുംബസംഗമത്തോടനുബന്ധിച്ച് ഒരുക്കും. സ്റ്റാളുകളില്‍ 60 ശതമാനം വിലക്കുറവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി വകുപ്പ്(അക്ഷയ കേന്ദ്രം), ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി -പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, ലീഡ് ബാങ്ക് എന്നീ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബസംഗമത്തില്‍ ഒരുക്കും. ഈ സ്റ്റാളുകളില്‍ നിന്നു വിവിധ സേവനങ്ങളും ലഭിക്കും. 

രണ്ടാം ഘട്ടത്തില്‍ ജില്ലാതല ഗുണഭോക്തൃ സംഗമവും 5000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ജനുവരി മൂന്നാം വാരം വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തദേശസ്ഥാപന വാര്‍ഡുകളില്‍ നിന്ന് നിര്‍ദേശിക്കുന്ന ഒരു ഗുണഭോക്താവും ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും ജില്ലാതല ഗുണഭോക്തൃ സംഗമത്തില്‍ പങ്കെടുക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം നല്‍കും.

 

date