Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലൈഫ് മിഷന്‍ കുടുംബ സംഗമത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി ഉദ്ഘാടനം ചെയ്യുന്നു.

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം;  സംഘാടകസമിതി രൂപീകരിച്ചു

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഗുണഭോക്തൃ സംഗമവും 5000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും  വിജയിപ്പിക്കുന്നതിനായി 151 അംഗ സംഘാടകസമിതി രൂപീകരിച്ചു. 

സംഘാടക സമിതി രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ്.പി.തോമസ് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ സംഗമം സംബന്ധിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു, ക്ഷേമകാര്യ സറ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാ മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ രാജ്  ജേക്കബ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്ന് സ്വാഗതസംഘം രൂപീകരിച്ചു. വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു രക്ഷാധികാരിയും ജില്ലയിലെ എം.പി, എം.എല്‍.എ മാര്‍ എന്നിവര്‍ ഉപരക്ഷാധികാരികളും ആയിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി ചെയര്‍പേഴ്‌സണും ജില്ലാകളക്ടര്‍ പി.ബി നൂഹ് ജനറല്‍ കണ്‍വീനറും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സണ്‍ പ്രേംകുമാര്‍ ജോയിന്റ് കണ്‍വീനറും ആയിരിക്കും. 

ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും സേവന വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംഘാടകസമിതി അംഗങ്ങളായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ്് അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷനായി ധനകാര്യ സബ്കമ്മിറ്റിയും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു അധ്യക്ഷയായി റിസ്പക്ഷന്‍ സബ് കമ്മിറ്റിയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാ മോഹന്‍ അധ്യക്ഷയായി പ്രോഗ്രാം സബ് കമ്മിറ്റിയും സംഗമം നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍ ചെയര്‍പേഴ്‌സണായി റിവാര്‍ഡ് & റീഫ്രഷ്‌മെന്റ്  സബ്കമ്മിറ്റിയും രൂപീകരിച്ചു.

 

 

date