എന്മകജെ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിന് ഭരണാനുമതി ആയി
എന്മകജെ ഗ്രാമപഞ്ചായത്തില്‍ ശാരീരിക -മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി ഭരണാനുമതി നല്‍കി. രണ്ട് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.1.5 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന സ്‌കൂളിന് അഞ്ച് ക്ലാസ്് മുറികള്‍, സ്റ്റാഫ് റൂം, ഓഫീസ് റൂം, അടുക്കള, ഭക്ഷണ ശാല, തൊഴില്‍ പരിശീലനത്തിനുള്ള പ്രത്യേകം മുറികള്‍, ചുറ്റു മതില്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.വൈകല്യ സൗഹൃദവും ശിശു സൗഹൃദവുമായ രൂപകല്‍പനയാണ് കെട്ടിടത്തിനുള്ളത്.ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തിയാകും.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, എല്‍.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു..
- Log in to post comments