ജില്ലാതല പട്ടയമേള: 2161 പട്ടയങ്ങള്‍ വിതരണം ചെയ്യും
ജനുവരി 13 ന് നടക്കുന്ന ജില്ലാതല പട്ടയമേളയില്‍ 2,161 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഇതില്‍ 1510 എണ്ണം ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ്. മിച്ചഭൂമി, ഭൂമി പതിവ്, വനഭൂമി, നാല് സെന്റ് കോളനി, ലക്ഷം വീട് കോളനി എന്നിവയിലുള്‍പ്പെടുത്തി പാലക്കാട് താലൂക്കില്‍ 55 പട്ടയങ്ങളും ആലത്തൂര്‍ 41, ചിറ്റൂര്‍ 47, മണ്ണാര്‍ക്കാട് 448, ഒറ്റപ്പാലം 10, പട്ടാമ്പി 50 എന്നിങ്ങനെയായി 651 പട്ടയങ്ങളുമാണ് വിതരണം ചെയ്യുക. പട്ടയമേളയ്ക്ക് മുന്നോടിയായി കലക്ടറുടെ ചേമ്പറില്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പട്ടയമേള ജനുവരി 13 ന് രാവിലെ 10 ന് ടൗണ്‍ ഹാളില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ എം.പി.മാര്‍, എം.എല്‍.എമാര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി. എ.ഡി.എം ടി.വിജയന്‍, ആര്‍.ഡി.ഒ പി.എ. വിഭൂഷണ്‍, പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂര്‍ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, പൊതുമരാമത്ത്, ഫയര്‍ഫോഴ്‌സ്, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകള്‍ക്ക് മുന്നിലും പട്ടയമേള സംബന്ധിച്ച് തുണി ബാനറുകള്‍ കെട്ടണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
- Log in to post comments