ഗവേഷണ സൗഹൃദ കലാലയമായി മഹാരാജാസ്
ഗവേഷണ സൗഹൃദ കലാലയമായി മഹാരാജാസ്
കൊച്ചി - സംസ്ഥാനത്തെ കലാലയങ്ങളില്‍ സര്‍വകലാശാലകളോട് കിടപിടിക്കുന്ന ഗവേഷണ മികവുമായി എറണാകുളം മഹാരാജാസ് കോളേജ്. അംഗീകൃത ഗവേഷണ കേന്ദ്രമെന്ന പദവി ലഭിച്ചതിന് ശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ മഹാരാജാസിലെ 17 വകുപ്പുകളിലായി പൂര്‍ത്തീകരിച്ചത് 130 ഗവേഷണങ്ങളാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് ഗവേഷണത്തിനായി 90 വിദ്യാര്‍ത്ഥികള്‍ മഹാരാജാസില്‍ ചേര്‍ന്നു.
മഹാരാജാസ് കേന്ദ്രമായി 93 അധ്യാപകര്‍ ഗവേഷണഗൈഡുമാരായി സേവനം നല്‍കുന്നു. ഇതില്‍ 42 പേര്‍ മഹാത്മഗാന്ധി സര്‍വകലാശാലയ്ക്ക് കീഴില്‍ വിവിധ കോളേജുകളിലെ അധ്യാപകരാണ്. 139 വിദ്യാര്‍ത്ഥികളാണ് നിലവില്‍ മഹാരാജാസില്‍ ഗവേഷണം തുടരുന്നത്. കോളേജ് സ്ഥാപിച്ച് 125 വര്‍ഷമാകുന്ന 2025നകം ഗവേഷണരംഗത്ത് സംസ്ഥാനത്തെ സുപ്രധാന കേന്ദ്രമാക്കി മഹാരാജാസിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍ പറഞ്ഞു.
ഗവേഷകരും വിദേശ സര്‍വകലാശാലകളുമായുള്ള വിനിമയപരിപാടിക്കും താമസിയാതെ തുടക്കമിടും. റൂസ ഫണ്ടില്‍ നിന്നും ലഭിച്ച അഞ്ചു കോടി രൂപയില്‍ ഇതിനായി വിഹിതം നീക്കിവയ്ക്കും. മൂന്ന് നിലകളുള്ള ലൈബ്രറി കെട്ടിടം ഏപ്രിലില്‍ പൂര്‍ത്തിയാകും. സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫസിലിറ്റി, മോഡുലര്‍ റിസര്‍ച്ച് ലാബും മഹാരാജാസിലുണ്ട്.
- Log in to post comments