വീടിനൊപ്പം അന്തസ്സാര്‍ന്ന ജീവിതവും'' കാളികാവ് ബ്ലോക്ക് ലൈഫ് കുടുംബ സംഗമവും അദാലത്തും ഏഴിന് 1178 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും
കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിപ്രകാരം വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ജനുവരി ഏഴിന് നടക്കും. കാളികാവ് ബി.ബി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ വീടുകള്‍ ലഭിച്ച 1178 കുടുംബങ്ങളാണ് പങ്കെടുക്കുക. എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പി.വി. അന്‍വര്‍ എം.എല്‍.എ. അധ്യക്ഷനാവും. മുഖ്യ അതിഥിയായി പങ്കെടുക്കുന്ന എം. ഉമ്മര്‍ എം.എല്‍.എ ലൈഫ് ഭവന നിര്‍മ്മാണത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കും. ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.
ബ്ലോക്ക് പഞ്ചായത്തിനു കീഴിലും അമരമ്പലം, കരുളായി, കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍, എടപ്പറ്റ ഗ്രാമ പഞ്ചായത്തുകളിലുമായി ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 165 വീടുകളും രണ്ടാം ഘട്ടത്തില്‍ 640 വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പട്ടികജാതി വിഭാഗത്തില്‍ 34 വീടുകളും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 115 വീടുകളും പി.എം.എ.വൈ. പദ്ധതിയില്‍ 225 വീടുകളുമാണ് നിര്‍മ്മിച്ചത്.
ആധാര്‍, റേഷന്‍കാര്‍ഡ് തിരുത്തല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പട്ടികജാതി -പട്ടികവര്‍ഗ, ആരോഗ്യവകുപ്പ് പദ്ധതികള്‍ തുടങ്ങി സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കള്‍ക്കു നേരിട്ടു ലഭ്യമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും പങ്കാളിത്തം അദാലത്തിലുണ്ടാവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. കേശവദാസ് അറിയിച്ചു.
- Log in to post comments