മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ഒന്‍പതാം ക്ലാസ്സുകാരി
എഴുതി നേടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് തൃപ്പനച്ചി മുത്തനൂര്‍ സ്വദേശി ഒ.പി. അഹമ്മദ് കുട്ടിയുടെയും കെ. സുലൈഖ യുടെയും മകളായ സഫ മറിയം മാതൃകയായി. പൂക്കോളത്തൂര്‍ സി.എച്ച്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ സഫ സ്വയം രചിച്ച പുസ്തകങ്ങള്‍ വില്‍പന നടത്തി നേടിയ 20,500 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ജോജു മാത്യു, സ്റ്റാഫ് സെക്രട്ടറി കബീര്‍ മാസ്റ്റര്‍, മലയാളം അധ്യാപിക വത്സമ്മ, അധ്യാപകനായ സിദ്ധീഖ് അലി, പിതാവ് ഒ.പി. അഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പം കലക്ടറേറ്റിലെത്തിയ സഫ തുക ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറി.
കുട്ടിക്കാലം മുതല്‍ സാഹിത്യത്തില്‍ അഭിരുചി പുലര്‍ത്തിയ സഫ ഏഴാം ക്ലാസ് മുതലാണ് എഴുത്തിന്റെ ലോകത്തേക്കെത്തുന്നത്. ചെറുകഥയും നോവലുമാണ് ഏറ്റവും ഇഷ്ട്ടപെട്ട മേഖല. ഇതുവരെ മൂന്നു പുസ്തകങ്ങളാണ് ഈ കൊച്ചു മിടുക്കി മലയാള സാഹിത്യത്തിനു സമ്മാനിച്ചത്. ബോണ്‍സായി എന്ന നോവലാണ് അവസാനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ നവംബറില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വളത്തോള്‍ പ്രകാശനം ചെയ്ത നോവല്‍ സ്‌കൂളിലും പുറത്തുമായി പുസ്തകം വില്പന നടത്തിയതിലൂടെ ലഭിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
കഴിഞ്ഞ പ്രളയകാലം സഫ നോവലിന്റെ പണിപ്പുരയിലായിരുന്നു. അന്നെടുത്ത തീരുമാനമായിരുന്നു പുസ്തകത്തിലൂടെ ലഭിക്കുന്ന വരുമാനം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നത്. എഴുത്തില്‍ സഫക്ക് അധ്യാപകരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയാണുള്ളത്. സഫയുടെ തെരഞ്ഞെടുത്ത കഥകളായിരുന്നു പുസ്തകങ്ങളില്‍ ആദ്യത്തേത്. ശേഷം കല്ലുപ്പ് എന്ന നോവലും സഫ രചിച്ചു.
- Log in to post comments