സംയോജിത പദ്ധതികള്‍ക്ക് ഊന്നല്‍ നല്കി ജില്ലാ വാര്‍ഷികപദ്ധതി രൂപീകരണ യോഗം
കാക്കനാട്: ജില്ലയിലെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിനായി വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു. പ്രളയ ബാധിതരുടെ പുനരധിവാസവും കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പ്രകൃതി ദുരന്തങ്ങളെ മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീഷണത്തോടെയുള്ള പദ്ധതി രൂപീകരണത്തിനുമാണ് സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം പ്രാമുഖ്യം നല്‍കുന്നത്.
ജില്ലയ്ക്ക് മുഴുവന്‍ പ്രയോജനം ലഭിക്കുന്ന സംയോജിത ബ്രഹത് പദ്ധതികള്‍ ഏറ്റെടുക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലയില്‍ നടപ്പാക്കുന്ന സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നാണെന്ന് പദ്ധതി രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ആരോഗ്യ രംഗത്തിന് പുറമേ കാര്‍ഷിക മേഖല, പ്രകൃതി സംരക്ഷണം, പ്രളയ അതിജീവനം, കരകൗശല മേഖലയടക്കം വിവിധ രംഗങ്ങളില്‍ വരും നാളുകളില്‍ സംയോജിത ബ്രഹത് പദ്ധതികള്‍ നടപ്പിലാക്കും. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്നാണ് സംയോജിത
പദ്ധതികള്‍ നടപ്പിലാക്കുന്നത്.
പദ്ധതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത എം.എല്‍.എ പി.ടി. തോമസ് സംസ്ഥാനത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് കാര്യക്ഷമമായി നടക്കുന്ന കാലമാണിതെന്ന് അഭിപ്രായപ്പെട്ടു. വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ ഫലപ്രദമാണോ എന്ന് കണ്ടെത്തി ഉപദേശം നല്‍കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മറ്റി ഇതിനകം 300 ഉദ്യോഗസ്ഥരുടെ പെന്ഷന് പിടിക്കാന്‍ ഉത്തവിട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ചിന്താഗതിയും കാഴ്ചപ്പാടും ഉള്‍ക്കൊണ്ട് കേന്ദ്രീകൃത പദ്ധതികള്‍ക്ക് രൂപം നല്‍കണം. കാലാവസ്ഥാ വ്യതിയാനം മുന്നില്‍ക്കണ്ട് ഗൗരവമുള്ള പദ്ധതികള്‍ രൂപീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
68.42 കോടി രൂപയുടെ ഫണ്ടാണ് ജില്ലയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇതേ ഫണ്ട് മുന്നില്‍ കണ്ടാണ് പദ്ധതി രൂപീകരണം. ജില്ലയ്ക്കുള്ള കൃത്യമായ തുക സംസ്ഥാന ബഡ്ജറ്റിന് ശേഷമാണ് അറിയാന്‍ സാധിക്കുക. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പദ്ധതി രൂപീകരണ ഉദ്ഘാടന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സരള മോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ ഡോ. ടി. എല്‍ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments