ആവാസ് പദ്ധതി: ജില്ലയ്ക്ക് മികച്ച നേട്ടം
കാക്കനാട്: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കുന്നതിനായി സംസ്ഥാന തൊഴില്‍വകുപ്പ് നടപ്പിലാക്കുന്ന ആവാസ് പദ്ധതിയില്‍ അഞ്ച് ലക്ഷം തൊഴിലാളികള്‍ക്ക് അംഗത്വം നല്‍കി. അതിഥി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ ഇതുവരെ എറണാകുളം ജില്ലയില്‍ 108629 തൊഴിലാളികള്‍ക്കാണ് അംഗത്വം നല്‍കിയത്. സംസ്ഥാനതലത്തില്‍ ഏറ്റവുമധികം അംഗങ്ങളെ ചേര്‍ത്തത് എറണാകുളം ജില്ലയാണ്. ജില്ലയില്‍ ആവാസ് പദ്ധതിയില്‍ അംഗങ്ങളായവരില്‍ 98966 പുരുഷന്മാരും 9634 സ്ത്രീകളും 29 ട്രാന്‍സ് ജെണ്ടേഴ്‌സും ഉള്‍പ്പെടുന്നു.
ജില്ലയില്‍ ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരില്‍ ആവാസ് പദ്ധതിക്കായി പ്രത്യേക സഹായ കേന്ദ്രം തൊഴില്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകളുള്ള അതിഥി തൊഴിലാളികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയില്‍ തൊഴിലാളിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ 25000 രൂപവരെയുള്ള സൗജന്യ ചികിത്സയും അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നു.
- Log in to post comments