Skip to main content

ജില്ല പഞ്ചായത്തിന്റെ വ്യത്യസ്ത സംരഭം, വിദ്യാര്‍ഥികള്‍ ചരിത്രരചന നടത്തി, നാട്ടുവഴികളിലൂടെ

 

ആലപ്പുഴ: ജില്ലയുടെ പ്രാദേശിക ചരിത്രം കുട്ടികളിലൂടെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ സാമൂഹ്യശാസ്ത്ര കൗണ്‍സില്‍ നാട്ടുവഴികള്‍ എന്ന വിദ്യഭ്യാസ പദ്ധതി രേഖ ജില്ലാ പഞ്ചായത്തിന് നല്‍കുകയും അത് 2011- 19 തനതു പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തതോടെയാണ് നാട്ടുവഴിയെന്ന വേറിട്ട ചരിത്രാന്വേഷണത്തിന് തുടക്കമാകുന്നത്. നവംബറിൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിൽ വിദ്യാഭ്യാസ ഉദ്യാഗസ്ഥരെ ഉൾപ്പെടുത്തി യോഗം വിളിക്കുകയും ജില്ലാതല അക്കാദമിക് കൗൺസിൽ രൂപികരിക്കുകയും ചെയ്തു. ജില്ലയിലെ 11 ഉപജില്ലകളിൽ ചരിത്ര രചനയിൽ താല്പര്യമുള്ള കുട്ടികളേയും അധ്യാപകരെയും ഉൾപ്പെടുത്തി ശില്പശാലകൾ സംഘടിപ്പിച്ചു. പ്രാദേശിക ചരിത്ര രചനയ്ക്കായി സ്കൂൾ തലത്തിൽ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, പ്രദേശത്തിന്റെ ചരിത്രമറിയാവുന്ന പ്രായം ചെന്ന ആളുകൾ എന്നിവരെ ഉൾപ്പെടുത്തി 11 ഉപജില്ലകളിലും സ്കൂൾ തല അക്കാദമിക് സമിതികളും എഡിറ്റോറിയൽ ബോർഡുകളും രൂപം കൊണ്ടു. ജില്ലയിലെ യു.പി.-ഹൈസ്കൂൾ തലത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആ സംരംഭത്തിന് പങ്കാളികളായി. കുട്ടികളും അദ്ധ്യാപകരും രക്ഷി താക്കളും ഒത്തു ചേർന്നു നടത്തിയ പങ്കാളിത്ത രചന.

 

തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.ടി. മാത്യ മാനേജിംഗ് എഡിറ്ററായി ജില്ലാതല എഡിറ്റോറിയൽ ബോർഡിന് രൂപം നൽകി. ജില്ലയുടെ ചരിത്രം 5 ഭാഗങ്ങളായി തിരിച്ച് 75 അധ്യായങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നു. ആലപ്പുഴയുടെ വികാസ പരിണാമങ്ങൾ , കിഴക്കിന്റെ വെനീസും ചെമ്പകശ്ശേരിയും കുട്ടനാടിന്റെ ഓളങ്ങളിലൂടെ , കരപ്പുറത്തിന്റെ കാണാപ്പുറങ്ങൾ , ഓടനാടിന്റെ ചരിത്രത്തിലൂടെ എന്നീ മേഖലകൾ തിരിച്ചാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. നാട്ടുവഴികൾ - എന്ന ഈ പ്രാദേശിക ചരിത്ര ഗ്രന്ഥത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത് കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ പ്രൊഫ.സനൽ പി മോഹൻ ആണ് . കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേരിട്ടുള്ള സജീവമായ ഇടപെടലിന്റെ ഭാഗമായി ഈ നാടിന്റെ ചരിത്രം ഒരുക്കുവാൻ നൂറ് കണക്കിന് കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മറ്റൊരു ചരിത്രമാണ് കുറിക്കുന്നത്.

 

 

 

date