Skip to main content

സിന്തറ്റിക് നാപ്കിന്‍,ഡയപ്പര്‍ എന്നിവയ്ക്ക് ബദല്‍ ഒരുക്കി മുഹമ്മ ഗ്രാമ പഞ്ചായത്ത് തുണി കൊണ്ടുള്ള നാപ്കിന്‍ വിതരണ പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നൂതന പദ്ധതിയിലൂടെ ജനശ്രദ്ധ നേടുകയാണ് മുഹമ്മ ഗ്രാമ പഞ്ചായത്ത്. പ്ലാസ്റ്റിക് കിറ്റുകള്‍ പോലെ പരിസ്ഥിതിക്ക് ഏറെ ദോഷകരമായ സിന്തറ്റിക്ക് നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ ഉപയോഗം കുറച്ച് ബദല്‍ സംവിധാനം നടപ്പാക്കിയാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് മറ്റു പഞ്ചായത്തുകള്‍ക്ക് കൂടി മാതൃകായാകുന്നത്. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലിന്‍റെ നേതൃത്വത്തിലാണ് പുതിയ സംരഭങ്ങള്‍ നടക്കുന്നത്.

സിന്തറ്റിക്ക് നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ നിരോധനം സാധ്യമല്ലാത്തതിനാല്‍ അവയുടെ ഉപയോഗം കുറക്കാനുള്ള മാര്‍ഗമാണ് പഞ്ചായത്ത് ആദ്യം കണ്ടെത്തിയത്. അങ്ങനെ സിന്തറ്റിക്കിനു പകരം തുണി കൊണ്ടുള്ള നാപ്കിന്‍ വിതരണം ചെയ്യാന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഏ ട്രീ 'എന്ന സംഘടന, മുഹമ്മ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുംബൈയില്‍ നിന്നും മെന്‍സ്ട്രുവല്‍ കപ്പും പോണ്ടിച്ചേരിയില്‍ നിന്നും തുണികൊണ്ടുള്ള നാപ്കിനും പഞ്ചായത്തില്‍ എത്തിച്ചിട്ടുണ്ട്.
പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള ഒരു ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ സഭകള്‍ വിളിച്ചു ചേര്‍ത്ത് ബോധവല്‍ക്കരണം നടത്തിയാണ് നാപ്കിന്‍ വിതരണം ചെയ്യുന്നത്. സ്ത്രീകള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കയര്‍ കമ്പനികള്‍, എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാരാണ് നാപ്കിനും മെന്‍സ്ട്രുവല്‍ കപ്പും വിതരണം ചെയ്യുന്നത്. മുഹമ്മ പഞ്ചായത്തിന്റെ മുഹമ്മോദയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചിരുന്നു.
മെന്‍സ്ട്രുവല്‍ കപ്പ് തുടര്‍ച്ചയായി 12 വര്‍ഷവും നാപ്കിന്‍ മൂന്നു വര്‍ഷവും ഉപയോഗിക്കാന്‍ സാധിക്കും. വിപണിയില്‍ 250 രൂപ വിലയുള്ള തുണി കൊണ്ടുള്ള നാപ്കിന്‍ 50 രൂപക്കും 600 രൂപ വിലയുള്ള മെന്‍സ്ട്രുവല്‍ കപ്പ് 100 രൂപക്കുമാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. പഞ്ചായത്തിന് കീഴിലുള്ള സ്ത്രീകളുടെ തയ്യല്‍ യൂണിറ്റില്‍ തുണി കൊണ്ടുള്ള നാപ്കിന്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് മുഹമ്മ പഞ്ചായത്ത്.

 

 

date