Skip to main content

ജില്ലയുടെ ചരിത്രം: നാട്ടുവഴികള്‍ പ്രകാശനം ചെയ്തു 

 

 

ആലപ്പുഴ: കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി പങ്കാളിത്ത ചരിത്ര രചനയിലൂടെ ജില്ലയുടെ പ്രാദേശിക ചരിത്രം ഒരുക്കി വിദ്യാര്‍ഥികള്‍. 1000 കുട്ടികള്‍ ചേര്‍ന്ന് രചിച്ച 400 പേജുള്ള ജില്ലയുടെ പ്രാദേശിക ചരിത്രമായ നാട്ടുവഴികള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍. കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്ത് നിര്‍വഹിച്ച ദൗത്യം ഇനിയും മുന്‍പോട്ടു കൊണ്ടുപോകണമെന്നും പുസ്തകം പ്രകാശനത്തോടെ ഈ പദ്ധതി അവസാനിച്ചിട്ടില്ല. അടുത്ത ഘട്ടമെന്ന നിലയില്‍ പുതിയ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് കൂടുതല്‍ ചരിത്രങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജില്ലാ സാമൂഹ്യ ശാസ്ത്ര കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു ചരിത്രരചന. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ കുട്ടികള്‍ ചരിത്രരചനയില്‍ പങ്കാളികളാകുന്നത്. ജില്ലയിലെ യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് പ്രാദേശിക ചരിത്ര ഗ്രന്ഥം രചിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കല്ലേലി രാഘവന്‍ പിള്ള മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സി.കെ പവിത്രന്‍ പുസ്തകം പരിചയപ്പെടുത്തി. നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.റ്റി മാത്യു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ജി. മനോജ് കുമാര്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

date