Skip to main content

പുതുസംരംഭങ്ങൾ; ആശയങ്ങൾ: വൈഗക്ക് ഉജ്ജ്വല തുടക്കം

കാർഷികോൽപനങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ നൂതനാശയങ്ങൾ പങ്കുവെക്കുന്നതിനുമായി സംസ്ഥാന കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2020 ന് ഉജ്ജ്വല തുടക്കം. ജനുവരി ഏഴ് വരെ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗയുടെ നാലാമത് പതിപ്പ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്തു.
തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ഉദ്ഘാടനവേദിയിൽ വഴുതനത്തൈ വെളളമൊഴിച്ചും ചേനയിൽ നിർമ്മിച്ച നിലവിളക്ക് കത്തിച്ചുമാണ് ഗവർണ്ണർ ഉദ്ഘാടനം നിർവഹിച്ചത്. കർഷകരും കാർഷികസംരംഭകരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുളള പ്രതിനിധികളും പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷനായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ രാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ് സ്വാഗതവും കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ നന്ദിയും പറഞ്ഞു. തൃശൂർ കോർപ്പറേഷൻ കൗൺസിലർ എം എസ് സമ്പൂർണ്ണ പങ്കെടുത്തു.
'സുസ്ഥിര കാർഷിക വികസനം കാർഷിക സംരംഭകത്വത്തിലൂടെ' എന്ന ആശയുവമായി സംഘടിപ്പിക്കുന്ന വൈഗയുടെ നാലാമത് പതിപ്പിൽ രണ്ട് വേദികളിലായി 19 സെമിനാറുകളും സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. കാർഷിക-മൂല്യവർദ്ധിത ഉൽപന്നങ്ങളുടെയും ഭക്ഷ്യോൽപന്നങ്ങളുടെയും ഉൾപ്പെടെ വൈവിധ്യ കാഴ്ചകൾ ഒരുക്കി 330 സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. കാർഷികമേഖലയിൽ മൂലധന നിക്ഷേപത്തിനുളള അവസരങ്ങളും വൈഗയിലൂടെ കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നു. കാർഷികമേഖലയിലെ സ്റ്റാർട്ടപ്പ് മിഷൻ സംരംഭങ്ങളെക്കുറിച്ച് പ്രത്യേക സമ്മേളനം ജനുവരി ആറ് വൈകീട്ട് മൂന്നിന് നടക്കും. കേന്ദ്ര കൃഷി ഗ്രാമവികസന സഹമന്ത്രി ഹർഷോത്തം ഖോദാഭായ് റൂപാല ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. ജനുവരി ഏഴിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

date