കേരളത്തിൽ കൃഷിയിലേക്ക് കൂടുതൽ പേർ എത്തുന്നത് അഭിനന്ദനീയം: ഗവർണർ
കൃഷി വകുപ്പിന്റെ പരിശ്രമഫലമായി കാർഷികവൃത്തിയിലേക്ക് കൂടുതൽ പേർ കടന്നു വരുന്നത് അഭിനന്ദനീയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വൈഗയുടെ നാലാം പതിപ്പ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികാധിഷ്ഠിത സംരംഭങ്ങൾ കൂടുതലായി ആരംഭിക്കേണ്ടതുണ്ട്. ലഭ്യമായ സാങ്കേതിക വിദ്യയും മൂല്യവർദ്ധന സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്ന കാർഷിക സംരംഭകരുടെ ഒരു നിരയെ വാർത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 61 ശതമാനം ജനങ്ങളും കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. എന്നാൽ ജിഡിപിയുടെ 15 ശതമാനം മാത്രമാണ് കാർഷിക മേഖല സംഭാവന ചെയ്യുന്നത്. കൃഷിയിലെ നഷ്ടം വലിയൊരു വിഭാഗത്തെ ഈ മേഖലയിൽ നിന്ന് അകറ്റുന്ന കാഴ്ചയാണ് ഇന്ത്യയിലുളളത്. ഒരു കർഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 6500 രൂപ മാത്രമാണ്. ഒരു കുടുംബം ഈ വരുമാനത്തിൽ എങ്ങനെ ജീവിക്കും ? കാർഷിക വരുമാനം വർദ്ധിപ്പിക്കാനാകണം നയരൂപീകരണത്തിൽ മുൻഗണന.
കേരളത്തിന്റെ കാർഷിക മേഖല ഇന്ത്യയുടെ ഇതരവിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കൃഷി ചെയ്യുന്ന ഭൂമിയുടെ അളവിലുണ്ടായ കുറവും പ്രളയക്കെടുതികൾ മൂലമുമുളള പ്രശ്‌നങ്ങളും കേരളം നേരിട്ടു. കാർഷിക സംരംഭകരെ കൂടുതലായി സൃഷ്ടിക്കാനും മൂല്യവർദ്ധിത ഉൽപന്ന മേഖലയിൽ 30 ശതമാനം വളർച്ച കൈവരിക്കാനും ലക്ഷ്യമിടുന്ന വൈഗ മാതൃക പരമായ സംരംഭമാണെന്നും ഗവർണർ പറഞ്ഞു.
മൂല്യവർദ്ധിത ഉൽപന്നങ്ങൾക്കായി കൂടുതൽ മൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, വിപണി ഇടപെടൽ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. അഗ്രോപാർക്കുകളും ഇൻക്യൂബേഷൻ ഹബ്ബുകളും നാം ഒരുക്കി കഴിഞ്ഞു. ഇത് മുന്നോട്ട് കൊണ്ടുപോകാൻ വൈഗ സഹായിക്കും. ഗൾഫ് നാടുകളിലും മറ്റുമുളള ധാരാളം പ്രവാസികൾ കാർഷികസംഭംരങ്ങൾക്ക് മുതൽമുടക്കാൻ തയ്യാറാണ്. ഇവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും ഏകോപിപ്പിക്കാനും സംവിധാനം ഉണ്ടാവണം. നൈപുണ്യവികസനത്തിനുളള പരിശീലനം നൽകണം. അനാരോഗ്യകരമായ പ്രവണതകളെ ഒഴിവാക്കാൻ കഴിഞ്ഞാൽ മാത്രമേ കാർഷികസംരംഭങ്ങളെ വിജയിപ്പിക്കാനാകൂ എന്ന് ഗവർണർ പറഞ്ഞു.
- Log in to post comments