Skip to main content
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന ബി പോസിററീവ് അവലോകനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.

എസ്എസ്എല്‍സി പരീക്ഷ; പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങളില്‍ പ്രത്യേക പരിശീലനം

പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്  കണക്ക്, ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനം. എസ്എസ്എല്‍സി വിജയശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ  പഞ്ചായത്ത് നടപ്പിലാക്കുന്ന ബിപോസിറ്റീവ് പദ്ധതിയുടെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.  പാദ വാര്‍ഷിക പരീക്ഷയുടെ ഫലത്തെ അടിസ്ഥാനമാക്കി ചൊക്ലി ഉപജില്ലയിലെ ആറ് സ്‌കൂളുകളില്‍ നിന്നുള്ള 1746 വിദ്യാര്‍ത്ഥികളെ പഠന വിധേയമാക്കിയിരുന്നു. ഇത് പ്രകാരം കണക്ക്, ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ മോശം  പ്രകടനം  കാഴ്ച വെച്ചിരിക്കുന്നത്.  ഇതിനെ തുടര്‍ന്നാണ് പ്രസ്തുത വിഷയങ്ങളില്‍ പ്രത്യേക പരിശീലനത്തിന് യോഗം നിര്‍ദ്ദേശിച്ചത്. ഭാഷ പേപ്പര്‍ 1( 77.4%), ഭാഷ പേപ്പര്‍ 2( 75.2%) എന്നിവയില്‍ വിദ്യാര്‍ഥികളുടെ പ്രകടനം  ശരാശരിക്ക് മുകളിലാണ്.  കെമിസ്ട്രി ( 61.2%), ഇംഗ്ലീഷ് ( 60.5%) എന്നിവയില്‍ ശരാശരി നിലവാരം പുലര്‍ത്തി.  ഗണിതം (42.4%), ഫിസിക്‌സ്( 51.9%), സോഷ്യല്‍ സയന്‍സ് ( 53.6%) എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തേണ്ട വിഷയത്തിന്റെ പട്ടികയിലുമാണുള്ളത്. ഇതില്‍ ഗണിതത്തിന്  പ്രത്യേക പരിഗണന നല്‍കണമെന്നും യോഗത്തില്‍ വിലയിരുത്തി.
ഗണിതശാസ്ത്രത്തില്‍  പ്രത്യേക ക്ലാസുകള്‍, പഠന ക്യാമ്പുകള്‍ എന്നിവ നടത്തുക, എല്ലാ വിഷയത്തിലും സി പ്ലസിന് താഴെ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്ലാസുകള്‍, ക്ലിനിക്കുകള്‍ എന്നിവ സംഘടിപ്പിക്കുക, കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ മനസിലാക്കുക, പരീക്ഷാ പേടി ഒഴിവാക്കുന്നതിനായി കൗണ്‍സിലിങ്ങ് നടത്തുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ തീരുമാനിച്ചത്.  കുട്ടികള്‍ക്ക് പഠന സഹായം നല്‍കുന്നതിനായി ജില്ലയിലെ മികച്ച അധ്യാപകരുടെ പാനല്‍ രൂപീകരിക്കും. ടീച്ചര്‍ അസിസ്റ്റഡ് ഗ്രൂപ്പ്, സ്റ്റൂഡന്‍സ് അസിസ്റ്റഡ് ഗ്രൂപ്പ് എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിഞ്ഞ് പഠനം നടത്തുക വഴി കുട്ടികളിലെ മാനസിക സമ്മര്‍ദ്ദവും  പരീക്ഷാപ്പേടിയും  ഒഴിവാക്കുവാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.  
ഡയറ്റിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ മാനുഷിക  വിഭവ ഭൂപടം ഡയറക്ടറി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വൈസ് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് നല്‍കി പ്രകാശനം  ചെയ്തു. അക്കാദമിക് തലത്തില്‍ ഉപയോഗിക്കാവുന്ന 35  മേഖലകളില്‍ നിന്നുള്ള 2500 അധ്യാപകരുടെ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  അധ്യാപകരും  വിദ്യാര്‍ഥികളും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ റൈസ് ഇന്റര്‍നാഷണല്‍ ആന്റ് കോച്ചിങ്ങ് സെന്റര്‍ നല്‍കുന്ന നെക് ബാന്റ് മൈക്കിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസിന് നല്‍കി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് പി പി ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്‍ിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍,  ഡിഡിഇ ടി പി നിര്‍മ്മല ദേവി, ഹയര്‍ സെക്കണ്ടറി ആര്‍ഡിഡി വി എന്‍ ശിവന്‍,  ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ്, സീനിയര്‍ ലക്ചര്‍മാരായ വി വി  പ്രേമരാജ്, കെ പി രാജേഷ്, എസ് കെ ജയദേവന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ  പ്രധാനാധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, പിടിഎ പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date