Skip to main content

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കും

ജില്ലയിലെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന ഹരിത കര്‍മ്മ സേന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിലവില്‍ വന്ന പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ തുടര്‍ച്ചയായി ഹരിത കര്‍മ്മ സേന യുടെ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഹരിത കര്‍മ്മ സേന അവലോകനം സംഘടിപ്പിക്കും.ഹരിത കര്‍മ്മ സേന അംഗങ്ങളുടെ വരുമാന വര്‍ദ്ധനവിന് ഉതകുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും പഞ്ചായത്ത് തലത്തില്‍ അതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ജില്ലയില്‍ ഹരിത പെരുമാറ്റ ചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഹരിത സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍  ജില്ലാ പഞ്ചായത്ത് അംഗം അജിത്  മാട്ടൂല്‍,  ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ  കെ  സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ  ആര്‍  അജയകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സിറാജ് എന്നിവര്‍ പങ്കെടുത്തു.

date