Skip to main content

വളപട്ടണം കക്കാട് പുഴ കയ്യേറ്റത്തിനെതിരെ നടപടി ശക്തമാക്കും: താലൂക്ക് വികസന സമിതി

വളപട്ടണം പുഴ പുറമ്പോക്ക് കയ്യേറ്റം തടയണമെന്ന പരാതിയിന്‍മേല്‍ പുറമ്പോക്ക് അളന്ന് തിരിച്ചു പിടിക്കാനും കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായി. രണ്ട് പ്രധാനപ്പെട്ട കയ്യേറ്റങ്ങളായ കക്കാട് പുഴയുടെയും വളപട്ടണം പുഴയുടെയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റക്കാര്‍ക്ക്  നോട്ടീസ് നല്‍കാനും ഇതിന്റെ ഭാഗമായി നികുതി മുറിക്കുന്നത് ഒഴിവാക്കാനും തീരുമാനമായി. കക്കാടം പുഴയുടെ നാലര ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയെന്ന താഹസില്‍ദാറിന്റെ സര്‍വ്വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കണ്ണൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ ഒഴുക്കു നിലച്ച പടന്ന തോടിലേക്ക് ഒഴുക്കി വിടുന്നതിനെതിരെയുള്ള പരാതിയില്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനും മലിന ജലം ഒഴുക്കി വിടുന്നവര്‍ക്കെതിരെ പിഴ ചുമത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും വിശദീകരണം നല്‍കാനും യോഗം ആവശ്യപ്പെട്ടു.
റോഡിലെ സീബ്ര വരകള്‍ മാഞ്ഞതും സീബ്ര വരകള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ സീബ്ര വരകള്‍ ഇല്ലാത്ത റോഡുകളില്‍ അടിയന്തിരമായി വരയണമെന്നും വികസന സമിതി നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ പീതാംബര പാര്‍ക്ക് നശിപ്പിക്കുന്നതിനെതിരെയുള്ള പരാതിയിന്‍മേല്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്ത സ്ഥലത്ത് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് വരുന്നതിനെതിരെ താലൂക്ക് വികസന സമിതി എതിര്‍പ്പ് പ്രകടിപ്പിച്ചു. പഴശ്ശി ഇറിഗേഷന്‍ കനാലില്‍ കൂടി ഒഴുകി പോവേണ്ട വെള്ളം തടഞ്ഞു നിര്‍ത്തി വീട്ടിലേക്ക് വഴിതിരിച്ചു വിടുന്നതായുള്ള പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് നിയമ നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.  38 പരാതിയാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണ്ണമായും തീര്‍പ്പു കല്‍പ്പിച്ചു. തഹസില്‍ദാര്‍ വി എം സജീവന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് വി കെ ലളിതാദേവി അധ്യക്ഷത വഹിച്ചു. താഹില്‍ദാര്‍ എല്‍ ആര്‍ പി പി സത്യനാഥ്, താലൂക്ക് വികസന സമിതി അംഗങ്ങള്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.

date