Skip to main content

വീടിനൊപ്പം  അന്തസ്സാര്‍ന്ന ജീവിതവും'' സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിറവില്‍ കാളികാവ് ബ്ലോക്കില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം 1178 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു

സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച കുടുംബങ്ങളുടെ കാളികാവ് ബ്ലോക്കുതല സംഗമം ഗുണഭോക്താക്കളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിറവില്‍ 1178 കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ക്കു വീടുകള്‍ നല്‍കിയ ബ്ലോക്കു പഞ്ചായത്തുകളിലൊന്നാണ് കാളികാവെന്നും ഇനിയും വീടുകള്‍ ലഭിക്കാനുള്ള ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ തുടര്‍ ഘട്ടത്തില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ. കരീം അധ്യക്ഷനായിരുന്നു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. രാജേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ റംല ടീച്ചര്‍, സെക്രട്ടറി പി. കേശവദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മുനീഷ കടവത്ത്, നസീമ തറമ്മല്‍, കെ. ആലീസ് മേരി, എന്‍. സെയ്താലി, അസൈനാര്‍ വിശാരിയില്‍, പി. ഷൗക്കത്തലി, തെറ്റത്ത് ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ലൈഫ് ഭവന പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്തിനു കീഴിലും അമരമ്പലം, കരുളായി, കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍, എടപ്പറ്റ ഗ്രാമ പഞ്ചായത്തുകളിലുമായി ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 165 വീടുകളും രണ്ടാം ഘട്ടത്തില്‍ 640 വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പട്ടികജാതി വിഭാഗത്തില്‍ 34 വീടുകളും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 115 വീടുകളും പി.എം.എ.വൈ. പദ്ധതിയില്‍ 225 വീടുകളുമാണ് നിര്‍മ്മിച്ചു നല്‍കിയത്. ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഇരുപത് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ അദാലത്തും ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കല്‍, തെറ്റു തിരുത്തല്‍, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ലഭ്യമാക്കല്‍, റവന്യൂരേഖകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കല്‍, പട്ടികജാതി -പട്ടികവര്‍ഗ, ആരോഗ്യവകുപ്പ് പദ്ധതികള്‍ തുടങ്ങി സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കള്‍ക്കു നേരിട്ടു ലഭ്യമാക്കാനായിരുന്നു പ്രത്യേക അദാലത്ത്.

date