Skip to main content

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്: ലൈഫ് മിഷന്‍ ഗുണഭോക്കാക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും കെ.എന്‍ എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേറൂര്‍ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയല്‍ സര്‍ക്കാര്‍  യു.പി സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ ലൈഫ് മിഷന്റെ 231 ഓളം ഗുണഭോക്താക്കള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഏറ്റവും നല്ല പദ്ധതികളിലൊന്നാണ് ലൈഫ് മിഷനെന്നും നല്ലൊരു ഭവനത്തോടൊപ്പം മെച്ചപ്പെട്ട ജീവിത സൗകര്യവും ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. 
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അഹമ്മദ് ഹഖ്  അധ്യക്ഷത വഹിച്ചു. 271 വീടുകളാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മ്മിച്ചിട്ടുള്ളത്.  അതില്‍ 241 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. ഭവന സുരക്ഷയോടൊപ്പം ജീവിത സുരക്ഷയും ഗുണഭോക്താക്കള്‍ക്ക് ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാരിന്റെ ഇരുപതോളം വകുപ്പുകളുടെ കൗണ്ടറുകള്‍ സംഗമത്തോടനുബന്ധിച്ച് സജീവമായിരുന്നു. വിവിധ പെന്‍ഷനുകള്‍, കുടുംബശ്രീ-തൊഴിലുറപ്പ് തുടങ്ങിയവ വഴി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് അറിയാനും അപേക്ഷിക്കാനും ഗുണഭോക്താക്കള്‍ക്ക് അദാലത്തിലൂടെ സാധിച്ചു.  പട്ടിക ജാതി വിഭാഗക്കാര്‍ക്കുള്ള പ്രത്യേക കൗണ്ടറും പരിപാടിയില്‍ സജീവമായി. 
ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. ലൈഫ് ഗുണഭോക്താതാക്കള്‍ക്കുള്ള വൃക്ഷത്തൈ വിതരണവും ജീവനി പദ്ധതിയുടെ മണ്‍ചട്ടിയിലെ പച്ചക്കറിത്തൈ വിതരണവും വേദിയില്‍ നടന്നു. പഞ്ചായത്തുകളില്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഉദ്യേഗസ്ഥരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date