Skip to main content

ചൊവ്വന്നൂരിൽ ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും 11 ന്

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 11 രാവിലെ 11 ന് ചൊവ്വന്നൂർ കെ ആർ നാരായണൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിക്കും. എം പിമാരായ രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ എന്നിവർ മുഖ്യാതിഥികളാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ ടി വകുപ്പ് (അക്ഷയകേന്ദ്രം), ഫിഷറീസ്, തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി, പട്ടികവർഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യൂ, ശുചിത്വമിഷൻ, വനിതാ ശിശുവികസനം, ഗ്രാമവികസന വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയവരുടെുടെ സേവനങ്ങളാണ് അദാലത്തിലുടെ ലഭിക്കുക.
ചൊവ്വന്നൂർ ബ്ലോക്കിൽ മൂന്ന് ഘട്ടങ്ങളിലായാണ് ലൈഫ് പദ്ധതി നടപ്പാക്കി വരുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അറിയിച്ചു. ഒന്നാം ഘട്ടത്തിൽ 102 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയത്. 1.39 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ലൈഫ് പദ്ധതി രണ്ടാം ഘട്ടത്തിൽ 279 വീടുകളിൽ 258 വീടുകളും നിർമാണം പൂർത്തിയാക്കി. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന 58 വീടുകളിൽ 51 എണ്ണവും നിർമ്മിച്ചു കഴിഞ്ഞു. ഇതിനായി 3.5 കോടി രൂപ ബ്ലോക്ക് തലത്തിൽ ചെലവഴിച്ചു. മൂന്നാം ഘട്ടത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി 1.32 കോടി രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അറിയിച്ചു.

date