Skip to main content

വിദ്യാർത്ഥികൾക്ക് കായിക പരിശീലനത്തിന് സമഗ്ര പദ്ധതിയുമായി കൊടുങ്ങല്ലൂർ നഗരസഭ

വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ കായിക പരിശീലനം ലഭ്യമാക്കാൻ കൊടുങ്ങല്ലൂർ നഗരസഭ സമഗ്ര പദ്ധതി തയ്യാറാക്കുന്നു. നഗരസഭാ പരിധിയിലെ കുട്ടികൾക്ക് കബഡി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ വിദഗ്ധപരിശീലനം നൽകുന്നതിന് സമഗ്ര പദ്ധതി തയ്യാറായതായി നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. നഗരസഭ പ്രദേശത്ത് സ്ഥിരതാമസമാക്കിയവർക്കോ, നഗരസഭയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കോ ഈ പദ്ധതിയിൽ അംഗമായി പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. 12 മുതൽ 19 വയസ്സുവരെയാണ് പ്രായപരിധി. ആദ്യഘട്ട പരിശീലനം നാളെ ( ജനുവരി 11) രാവിലെ 9ന് കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിക്കും. നഗരസഭാ ചെയർമാൻ പരിപാടി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ രാവിലെ 11 മണിക്ക് മുൻപായി 9846690765 എന്ന നമ്പറിൽ ബന്ധപ്പെടണം. നഗരസഭയിൽ 2019 മുതൽ വോളിബോളിൽ പരിശീലനം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം 100 കുട്ടികൾക്കാണ് കോച്ചിങ് നൽകിയത്. 5 ലക്ഷം രൂപ ചെലവിൽ രണ്ട് വോളിബോൾ കോർട്ടുകളും ഇതിനായി നിർമ്മിച്ചിരുന്നു. നഗരസഭയുടെ കീഴിൽ വോളിബോൾ അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്.
 

date