Skip to main content

മാലിന്യ സംസ്‌ക്കരണത്തിന് മാതൃകയായി മണലൂർ പഞ്ചായത്ത്

മാലിന്യ സംസ്‌കരണത്തിൽ മാതൃകയായി മണലൂർ പഞ്ചായത്ത്. സംസ്ഥാന സർക്കാർ പ്ലാസ്റ്റിക്കിന് വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പേ മണലൂർ പഞ്ചായത്ത് ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 2018 സെപ്റ്റംബർ ഒന്ന് മുതൽതന്നെ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സഹായത്തോടെ ഇവിടെ മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങിയിരുന്നു. 19 വാർഡുകളിൽ നിന്നായി 38 ഹരിത കർമ്മ സേനാംഗങ്ങളാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തിയാണ് ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യങ്ങൾ ശേഖരിക്കുന്നത്. വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന ജൈവ - അജൈവ മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിലേക്ക് കൈമാറും. മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 50 രൂപ ചാർജ്ജ് ഈടാക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുകയുടെ 80 ശതമാനവും ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേതനമായി നൽകും. അജൈവ മാലിന്യം പൊടിക്കാനും പ്ലാസ്റ്റിക്ക് ഒതുക്കാനുമുള്ള സൗകര്യം പ്ലാന്റിലുണ്ട്.
മണലൂർ പഞ്ചായത്തിലെ മാലിന്യ സംസക്കരണ കേന്ദ്രത്തിൽ ഒരു വർഷത്തിലധികം സമയമെടുത്ത് ശേഖരിച്ച അജൈവ മാലിന്യങ്ങൾ പ്ലാന്റിൽ നിന്ന് 2019 ഡിസംബർ മുതൽ കയറ്റി അയച്ചു തുടങ്ങി. കയറ്റി അയക്കുന്നവ റീസൈക്കിൾ ചെയ്യുന്നത് സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയാണ്. 37 മെട്രിക് ടൺ മാലിന്യങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറി. രണ്ട് ലോഡ് മാലിന്യങ്ങൾ ക്ലീൻ കേരള കൊണ്ട് പോയി. പ്ലാന്റിൽ പൊടിച്ചെടുത്ത പ്ലാസ്റ്റിക് ടാറിംഗിന് മിശ്രിതമാക്കാനായി കരാറുതാർക്കാണ് നൽകുന്നത്.

date