Skip to main content

നാട്ടാന പരിപാലനചട്ട യോഗം ചേർന്നു

നാട്ടാന പരിപാലനചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്നു. ജില്ലയിലെ ഉത്സവങ്ങൾ സുരക്ഷിതമായി നടത്തുന്നതിന്റെ ഭാഗമായി നാട്ടാന പരിപാലന ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്തു. ഉത്സവ സമയങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിൽ സ്വീകരിക്കേണ്ട സമയക്രമങ്ങളുടെ ഭാഗമായി രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശനമായ വിലക്കുണ്ടെന്നും ആനകളെ നിരയായി നിർത്തുമ്പോൾ മൂന്ന് മീറ്റർ അകലം നിർബന്ധമായും പാലിക്കണമെന്നും കൂടുതൽ സംരക്ഷണത്തിനായി ബാരിക്കേഡുകൾ ഉപയോഗിക്കണമെന്നും തീരുമാനമായി.
ചൂട് കൂടുതലുള്ള സാഹചര്യങ്ങളിൽ ആനകളുടെ കാലുകൾ ചൂടാകാതിരിക്കാൻ പന്തൽ, നനച്ച ചാക്കുകൾ വിരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ആന പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശിച്ചു. കൂടാതെ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായി എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ജില്ലാ വെറ്റിനറി ഓഫീസറോട് കളക്ടർ നിർദേശിച്ചു.
അസിസ്റ്റന്റ് കൺസർവേറ്റർ ഫോറസ്റ്റ് ഓഫീസർ പി.എം. പ്രഭു, കെ.ടി. സജീവ് ആർ.എഫ്.ഒ, ഫയർ ആന്റ് റെസ്‌ക്യു കെ.ഗിരീഷ്, എഫ്.ആർ.എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date