Skip to main content

മത്സ്യബന്ധനയാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

 

 

മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടെയും സമഗ്രവിവരങ്ങള്‍ ഫിഷറീസ് വകുപ്പ് ശേഖരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മത്സ്യബന്ധന ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ഒബിഎം വള്ളങ്ങളുടെയും പരമ്പരാഗത വള്ളങ്ങളുടെയും ഉടമസ്ഥര്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ മത്സ്യഭവനുകളിലോ വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനിലോ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജനവരി 31 നകം നല്‍കണം. ബോട്ടില്‍ പോകുന്ന തൊഴിലാളികളുടെ പേര,് വിലാസം, ആധാര്‍ നമ്പര്‍, ബയോമെട്രിക് കാര്‍ഡ് നമ്പര്‍, ഫിഷിങ് വില്ലേജ്, മൊബൈല്‍ നമ്പര്‍, ബോട്ടിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് അസോസിയേഷനുകള്‍, മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ എന്നിവ വിവരശേഖരണത്തില്‍ പങ്കാളികളാണ്. എല്ലാ ജില്ലകളിലെയും വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും മത്സ്യലഭ്യത അറിയിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും.  തോപ്പുംപടി ഹാര്‍ബറിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ക്ര്യൂ ലിസ്റ്റ് നല്‍കുന്ന ബോട്ടുകളും ഫിഷറീസ് വകുപ്പിന്റെ അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കണം.

date