Skip to main content

നാളെത്തെ കേരളം ലഹരി മുക്ത നവകേരളം: പ്രചരണ വാഹനം ഇന്നു മുതല്‍ ജില്ലയില്‍

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരി വിരുദ്ധ മിഷന്റെയും ആഭിമുഖ്യത്തില്‍ നാളെത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന  തീവ്രയജ്ഞ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായുള്ള സിഗ്നേച്ചര്‍ ക്യാമ്പയിനും ബോധവല്‍ക്കരണ പ്രചരണ  വാഹനവും ഇന്നു  മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. 2019 ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത്  തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹനമാണ് 13 ജില്ലകളിലൂടെ കടന്ന്, ജില്ലയില്‍ പ്രവേശിക്കുന്നത്. ഇന്ന്(ജനുവരി 14) രാവിലെ പത്തിന്  ചെറുത്തൂര്‍ ബസ് സ്റ്റാന്‍ഡിലും 11 ന്  നീലേശ്വരം ബസ് സ്റ്റാന്‍ഡിലും 12 ന്  പടന്നക്കാട്  നെഹ്‌റു കോളേജിലും ഉച്ചയ്ക്ക് രണ്ടിന്  കാഞ്ഞങ്ങാട്  പുതിയ ബസ് സ്റ്റാന്‍ഡിലും 2.40 ന്  അജാനൂര്‍ ഇക്ബാല്‍ സ്‌കൂളിലും   വാഹനം പര്യടനം നടത്തും. നാളെ(ജനുവരി 15) രാവിലെ 9.30 ന് മഞ്ചേശ്വരം ഗോവിന്ദ പൈ കോളെജിലും 11.30 ന് ഉപ്പളയിലും  ഉച്ചയ്ക്ക്  രണ്ടിന്  കുമ്പളയിലും വാഹനം പര്യടനം നടത്തും. വൈകീട്ട് നാലിന് കാസര്‍കോട് നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത്  പ്രചരണ വാഹനത്തിന്റെ സംസ്ഥാനതല സമാപനം നടക്കും. സംസ്ഥാനതല സമാപനം എന്‍ എ നെല്ലിക്കുന്ന്  എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ  പഞ്ചായത്ത് പ്രസിഡണ്ട്  എ ജി സി  ബഷീര്‍  മുഖ്യാതിഥിയായിരിക്കും.കാസര്‍കോട് നഗരസഭാ  ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും.

date