Skip to main content

ജില്ലയില്‍ ലൈഫ് പദ്ധതിയില്‍ 30,000 പേര്‍ക്ക് വീട്്

 

•    39,710 വീടുകള്‍ നിര്‍മ്മാണം ആരംഭിച്ചതില്‍ 30,005 വീടുകള്‍ പൂര്‍ത്തീകരിച്ചു

    സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനിലൂടെ തിരുവനന്തപുരം ജില്ലയില്‍ 30,005 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണം പൂര്‍ത്തിയായി.  പദ്ധതിയില്‍ 39,710 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു.  വിവിധ ഘട്ടങ്ങളായി ഗുണഭോക്താക്കളെ കണ്ടെത്തി നിര്‍മ്മാണം നടത്തുകയായിരുന്നു. നേരത്തെ പൂര്‍ത്തീകരിച്ചതിനൊപ്പം 12,096 വീടുകളുടെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയായതോടെയാണ് വീടുകളുടെ എണ്ണം 30,000 കടന്നത്.  മറ്റ് പദ്ധതികളില്‍ ഭവനനിര്‍മ്മാണം നടക്കുകയും എന്നാല്‍ പൂര്‍ത്തികരിക്കപ്പെടാതെ പോകുകയും ചെയ്ത 6,046 വീടുകള്‍ കണ്ടെത്തി നവീകരിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. പി.എം.എ.വൈ ഗ്രാമീണില്‍ 2,888 വീടുകളും പി.എം.എ.വൈ അര്‍ബനില്‍ 8975 വീടുകളും പൂര്‍ത്തിയാക്കിയതായി ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജെ.സജീന്ദ്ര ബാബു പറഞ്ഞു. 

    ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് കിട്ടുന്നവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ നല്‍കുന്നതിന് സംഘടിപ്പിക്കുന്ന അദാലത്തുകളിലും കുടുംബസംഗമങ്ങളിലും നല്ല പങ്കാളിത്തമുണ്ടായി. വീട് ലഭിക്കുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മറ്റ് ജീവിതസൗകര്യങ്ങളും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന ഈ അദാലത്തുകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ സജ്ജീകരിക്കുകയും സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു.  അറിവില്ലായ്മ കൊണ്ടോ മറ്റുകാരണങ്ങളാലോ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാതിരിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

    ഇന്ന് (ജനുവരി 14)വാമനപുരം ബ്ലോക്കിലെ സംഗമം പാലോട് വൃന്ദാവന്‍ ഓഡിറ്റോറിയത്തിലും വര്‍ക്കല നഗരസഭയിലെ ഗുണഭോക്താക്കളുടെ സംഗമം വര്‍ക്കല എല്‍.പി.ജി.എസിലും നടക്കും. 15ന് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ സംഗമം നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.  15ന് രാവിലെ 10.30 ന് പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ മന്ത്രി എം.എം.മണി അദാലത്തും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യും.
(പി.ആര്‍.പി. 19/2020)

date