Skip to main content

ഇന്ന് റിപ്പബ്ലിക് ദിനം : മന്ത്രി ജി. സുധാകരന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും

 

രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങില്‍ രാവിലെ 8.30ന് മുഖ്യതിഥിയായ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഇന്ന് (ജനുവരി 26) രാവിലെ എട്ടിന് ആഘോഷപരിപാടികള്‍ ആരംഭിക്കും.  

8.10ന് പരേഡ് കമാണ്ടര്‍ ചുമതലയേല്‍ക്കും. 8.28ന് എത്തിച്ചേരുന്ന     മുഖ്യാതിഥിയെ  ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയും ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്കും ചേര്‍ന്ന് സ്വീകരിക്കും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം 8.30ന് മുഖ്യാതിഥി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിച്ച് റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.      

    സായുധ പൊലീസ്, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകള്‍ എന്നിവ പരേഡില്‍ അണിനിരക്കും. സ്റ്റുഡന്റ്് പോലീസ്, എന്‍.സി.സി., സ്‌കൗട്ട്‌സ്, ഗൈഡ്‌സ് പ്ലാറ്റൂണുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ്‌സെറ്റും ആഘോഷത്തിന് മാറ്റു കൂട്ടും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. 

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സാജു വര്‍ഗ്ഗീസാണ് പരേഡ് കമാണ്ടര്‍. കോട്ടയം ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ സബ് ഇന്‍സ്പ്‌കെടര്‍ എ.എസ് എബ്രഹാം, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ജൂനിയര്‍ സബ് ഇന്‍സ്പ്‌കെടര്‍ രാമു, കോട്ടയം വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉഷാ കുമാരി, ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍  രതീഷ് എന്നിവര്‍ വിവിധ പ്ലാറ്റൂണുകളെ നയിക്കും. 

സ്റ്റുഡന്റ്‌സ് പോലീസ് ആണ്‍കുട്ടികളുടെ  വിവിധ പ്ലാറ്റൂണുകളെ എബിന്‍ തമ്പി, റോഹന്‍ ബൈജു എന്നിവരും പെണ്‍കുട്ടികളുടെ പ്ലാറ്റൂണുകളെ ആര്‍. ലാവണ്യ, ഫെമി ഫ്രാന്‍സിസ്  എന്നിവരും നയിക്കും. കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസിലെ അതുല്‍ കെ വര്‍ഗ്ഗീസ് എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികളുടെ പ്ലാറ്റൂണിനെയും ഹര്‍ഷിത വി ഹരിദാസ് എന്‍.സി.സി. സീനിയര്‍ ഡിവിഷനെയും നയിക്കും. എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ പെണ്‍കുട്ടികളുടെ പ്ലാറ്റൂണുകളെ ബിസിഎം കോളേജിലെ മിതുന ബാസി, എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികളുടെ പ്ലാറ്റൂണുകളെ അമല്‍ ജോസഫ് എന്നിവര്‍ നയിക്കും. എന്‍.സി.സി ജൂനിയര്‍ വിഭാഗത്തില്‍ വടവാതൂര്‍ ജവഹര്‍ നവോദയ  വിദ്യാലയത്തിലെ ആകാശ് കുമാര്‍ ആണ്‍കുട്ടികളുടെയും അഞ്ചനാദേവി പെണ്‍കുട്ടികളുടെയും പ്ലാറ്റൂണുകളെ നയിക്കും.  

സ്‌കൗട്ട്‌സില്‍ ആയുഷ് ഈപ്പന്‍ മാത്യു (ഗിരിദീപം എച് എസ്), എ.എസ്. ആദിത്യന്‍ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, അതിരമ്പുഴ), അലന്‍ കെ പ്രിന്‍സ് (സെന്റ് മേരീസ് യുപിഎസ്, കുടമാളൂര്‍)  എന്നിവര്‍ നയിക്കുന്ന  മൂന്ന് പ്ലാറ്റൂണുകളും ഗൈഡ്‌സില്‍  എം. കൃതിക(മൗണ്ട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്, കോട്ടയം), ആയിഷ ഷമീല്‍ (ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്, കോട്ടയം) എന്നിവര്‍ നയിക്കുന്ന രണ്ടു പ്ലാറ്റൂണുകളും ഉണ്ടാകും.                                                                      

മൂന്ന് ബാന്റ് സംഘങ്ങള്‍ ഇക്കുറി പരേഡിന് മാറ്റുകൂട്ടും.  പോലീസ് ബാന്റിനെ സബ് ഇന്‍സ്‌പെക്ടര്‍ റോക്കി സേവ്യറും എസ്.പി.സി ബാന്റിനെ വിദ്യ വിജയനും (ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍) നയിക്കും. കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബാന്റിനെ ഷെറിന്‍ ജോര്‍ജ്ജ് നയിക്കും. 

  പരേഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലാറ്റൂണുകള്‍ക്ക്  മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്യും. കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഗേള്‍സ് സ്‌കൂള്‍ കുട്ടികള്‍ ദേശീയഗാനം ആലപിക്കും. കോട്ടയം മൗണ്ട് കാര്‍മ്മല്‍ എച്ച്.എസിലെ കുട്ടികളുടെ കലാപരിപാടികളും കുമാരനല്ലൂര്‍ ദേവീ വിലാസം എച്ച്.എസിലെ  കുട്ടികളുടെ ദേശഭക്തിഗാനവും  പരേഡിനുശേഷം നടക്കും.         

                                                      (കെ.ഐ.ഒ.പി.ആര്‍-173/18)                                     

date