Skip to main content

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

 

ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ ജനാധിപത്യം നല്‍കുന്ന അവകാശവും ഉത്തരവാദിത്തവും സംബന്ധിച്ച് യുവാക്കളില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുളള വോട്ടവകാശം നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയാണ്. രാജ്യം ഒരു വലിയ സാമ്പത്തിക ശക്തിയാകാന്‍ തയ്യാറെടുക്കുന്ന ഇക്കാലത്ത് എല്ലാവരും ഉറ്റു നോക്കുന്നത് 65 കോടിയോളം വരുന്ന യുവജനങ്ങളെയാണ്. വോട്ടവകാശം എന്ന വലിയ ഉത്തരവാദിത്തത്തെ ഇതിന്റെ കൂടി വെളിച്ചത്തില്‍ വേണം കാണേണ്ടത്- അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മതിദായക പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.  

ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ചടങ്ങിനു മുന്നോടിയായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഓം പ്രകാശ് റാവുത്തരുടെ സന്ദേശം അടങ്ങിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍ നവ വോട്ടര്‍മാരായ എബി എബ്രാഹം, അജിത ഡി, അഞ്ജിത്ത് കുര്യന്‍, അര്‍ച്ചന ബാബു, ചിന്നു സെബാസ്റ്റ്യന്‍, ചിപ്പി സുഭാഷ്, പ്രണവ് രാജ്, പ്രീതി കുരുവിള എന്നിവര്‍ക്ക് വോട്ടേഴ്‌സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. തെരഞ്ഞെടുപ്പു ബോധവത്കരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അശോക് അലക്‌സ് ലൂക്ക്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ റുബീന അബൂബക്കര്‍, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ജി. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.    

                                                    (കെ.ഐ.ഒ.പി.ആര്‍-174/18)

date