സ്ത്രീ ശാക്തീകരണത്തിന് ഒരു കാഞ്ഞങ്ങാടന്‍ മാതൃക
സ്ത്രീശാക്തീകരണ രംഗത്ത് പുതിയ പടവുകള്‍ താണ്ടുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കുടുംബശ്രീ സംരംഭങ്ങളിലൂടെ സ്ത്രീകളെ അടുക്കളയില്‍ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് സ്ത്രീകള്‍ക്ക് കരുതല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് നടത്തുന്നത്.
അഗ്രി ഫ്രഷ്
പെരിയ സിച്ച്.സി പരിസരത്ത് ബ്ലോക്കിന്റെ അഗ്രി ഫ്രഷ് പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയുടെ കീഴില്‍ എഫ്.ഇ.ഒ(ഫാര്‍മേഴ്‌സ് എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍) സംരംഭമായാണ് അഗ്രി ഫ്രഷ് നിലവില്‍ വന്നത്. പഴം, പച്ചക്കറി വിപണനവും അതോടൊപ്പം ക്യാന്റീനുമാണ് ഇവിടുത്തെ സംരംഭം. ഉദുമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരായ പത്ത് വനിതകളാണ് അഗ്രി ഫ്രഷ് ജീവനക്കാരായി ഉള്ളത്. വനിതാ ഘടക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അഗ്രി ഫ്രഷില്‍ ഇന്ന് പലഹാരങ്ങളും മസാലപ്പൊടികളും കറി പൗഡറുകളും ലഭ്യമാണ്. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സംരംഭം പത്ത് കുടുംബങ്ങള്‍ക്ക് സഹായകമായി.
കൃഷി സഹായ കേന്ദ്രം
കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന ആത്മയുടെ നിയന്ത്രണത്തിലുള്ള കൃഷി സഹായ കേന്ദ്രവും ഇതോടൊപ്പം പെരിയ സി.എച്ച്.സി പരിസരത്ത് പ്രവര്‍ത്തിക്കുന്നു. മെതിയന്ത്രം, ട്രാക്ടര്‍ തുടങ്ങി ആധുനിക കൃഷി ഉപകരണങ്ങളുടെയും ഇരുപതോളം തൊഴിലാളികളുടെയും സേവനം കര്‍ഷര്‍ക്ക് ഇവിടെ ലഭ്യമാണ്. സ്ത്രീകളുടെ നേതൃത്വത്തില്‍ തന്നെയാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇവിടെ കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കുന്നു. ജൈവ അരി വിളയിച്ച് 1000 പറയില്‍ അധികം വിളവെടുത്ത് വിജയഗാഥ എഴുതിട്ടുണ്ട് ഇവര്‍. ഒപ്പം നഴ്സറികളുടെ നിര്‍മ്മാണത്തിലും ശ്രദ്ധാലുക്കളാണ്.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കുമാരി ക്ലബ്ബ്
മുപ്പതോളം അംഗന്‍വാടികളില്‍ കുമാരി ക്ലബ്ബുകള്‍ സ്ഥാപിച്ച് പുസ്തകങ്ങളും അലമാരയും വിതരണം ചെയ്യുന്നതാണ് പദ്ധതി. പി.എസ്.സി പഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ വിവിധ അങ്കണ്‍വാടികളിലേക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കൗമാരക്കാരില്‍ പോഷകാഹാരക്കുറവ് ശ്രദ്ധയില്‍ പെട്ടതിനെ തടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളിലൂടെ പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിയും പരിഗണനയിലാണ്.
ഗ്രാമീണ ഉത്പന്ന വിതരണ ചന്ത
ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പെരിയ സി.എച്ച്.സി പരിസരത്ത് ഗ്രാമീണ ഉത്പന്ന വിതരണ ചന്തയ്ക്കായി കെട്ടിടം നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വിവിധ വനിതാ സംഘങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാം.
പെണ്‍ കുട്ടികള്‍ക്കുള്ള ശുചിമുറിയും നാപ്കിന്‍ വെന്‍ഡിങ് മെഷീനും
ബ്ലോക്കിന് കീഴിലുള്ള ഏഴ് സ്‌കൂളുകളില്‍ ബഹുവര്‍ഷ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം ചിലവിട്ട് നാപ്കിന്‍ വെന്‍ഡിങ് യൂണിറ്റുകള്‍ സ്ഥാപിച്ചു. ഉദുമ നാലാം വാതുക്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, മടിക്കൈ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, അമ്പലത്തറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പുല്ലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളുകള്‍ക്കാണ് പദ്ധതിയിലൂടെ ആധുനിക സൗകര്യത്തോടെയുള്ള പെണ്‍കുട്ടികള്‍ക്കുള്ള ടോയ്ലറ്റും നാപ്കിന്‍ വെന്‍ഡങ് മെഷീനും ലഭിച്ചത്.
വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് ബ്ലോക്കിന്റെ കീഴില്‍ നടക്കുന്നതെന്നും ന്യൂട്രിമിക്സ്, കേക്ക്, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി അനുവദിച്ചെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി പറഞ്ഞു.
- Log in to post comments