Skip to main content
 വൈത്തിരി ഗ്രാമ പഞ്ചായത്തിലെ  നീര്‍ത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു

ജല സമൃദ്ധി  നീര്‍ത്തട നടത്തം  പഞ്ചായത്തുകള്‍ ഒരുങ്ങുന്നു

 

    നീര്‍ത്തടങ്ങള്‍ വീണ്ടെടുക്കാന്‍ ജലസമൃദ്ധി നടത്തത്തിനായി ജില്ലയിലെ പഞ്ചായത്തുകല്‍ ഒരുങ്ങുന്നു.  ജല സംരക്ഷണ പദ്ധതികള്‍ രൂപീകരിച്ച് പ്രദേശത്തിന്റെ ജല ആവശ്യവും വനിയോഗവും സംരക്ഷണവും ഉറപ്പാക്കുകയാണ്  നീര്‍ത്തട നടത്തം കൊണ്ട് ലക്ഷ്യമിടുന്നത്.  വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ നീര്‍ത്തട സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചാണ് 'ജല സമൃദ്ധി' പദ്ധതിക്ക് ജില്ലയില്‍  തുടക്കമിട്ടത്.     ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള നീര്‍ത്തടത്തിന്റെ കൃത്യമായ അതിര്, ഭൂപ്രകൃതി, പ്രധാന മണ്‍തരങ്ങള്‍, ജലവിഭവങ്ങള്‍, വിളകള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സാമാന്യ വിവരങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് നീര്‍ത്തട നടത്തം സംഘടിപ്പിക്കുന്നത്.      ഗ്രാമ  പഞ്ചായത്തുകളുടെ നീര്‍ത്തട ഭൂപടങ്ങള്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണ് ഗവേഷണ ഓഫീസില്‍ നിന്നും പഞ്ചായത്ത് തല കണ്‍വീനര്‍മാരായ ജലസേചന വകുപ്പ് അസി.എഞ്ചിനിയര്‍മാര്‍ക്ക് നല്‍കും. നീരൊഴുക്ക്, ഭൂഗര്‍ഭ ജല പ്രത്യേകതകള്‍, ജല വിഭവ ലഭ്യത, ഭൂജല പരിസ്ഥിതി തുടങ്ങിയവ സംബന്ധിച്ച് ദ്വിതീയ വിവരങ്ങളും ശേഖരിക്കും.  നീര്‍ത്തടത്തിലെ മണ്ണ് ജല സംരക്ഷണവുമായി ബന്ധപ്പെട്ട ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തി നീര്‍ത്തട വികസന രേഖ തയ്യാറാക്കും.  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ നീര്‍ത്തട കര്‍മ്മ പരിപാടികളും സംയോജിപ്പിച്ച് ബ്ലോക്ക് തല നീര്‍ത്തടമാസ്റ്റര്‍ പ്ലാനുകള്‍ക്ക് രൂപം നല്‍കും.  ഇവയ്ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഓരോ വകുപ്പും, ഏജന്‍സിയും നിശ്ചയിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കും. പഞ്ചായത്ത് തല കര്‍മ്മ സേനയുടേയും വര്‍ക്കിംഗ് ഗ്രൂപ്പിന്റെയും യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ചേരണം.

            ഭൗമോപതരിതലത്തിലും ഭൂഗര്‍ഭത്തിലും പരമാവധി ജലസംഭരണം വര്‍ദ്ധിപ്പിക്കുന്നതിന്  മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫലപ്രദമായ സമന്വയം ഉറപ്പാക്കും. പ്രദേശവാസികളെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ച് പദ്ധതിയുടെ പരിപാലനം ഉറപ്പുവരുത്തും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്, കൃഷി ഗ്രാമ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ്, കുടുംബശ്രീ എന്നീ വകുപ്പകളുടേയും ഏജന്‍സികളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

            വൈത്തിരി ഗ്രാമ പഞ്ചായത്തിലെ  നീര്‍ത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് യു.സി.ഗോപി, ചെയര്‍ പേഴ്‌സണ്‍മാരായ എല്‍സി ജോര്‍ജ്ജ്, എം.വി.വിജേഷ്, ഡോളിജോസ് അംഗങ്ങളായ ബഷീര്‍ പൂക്കോടന്‍, സി.വി.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.  ചെറുകിട ജലസേചന വകുപ്പ് അസി.എഞ്ചിനിയര്‍ എല്‍ദോസ് ഫിലിപ്പ്, ആസൂത്രണ സമിതി ചെയര്‍ പേഴ്‌സണ്‍ ആര്‍.രവിചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.    

 

date