Skip to main content

1400 കോടിയോളം രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക ഫണ്ട് അനുവദിച്ചു: മന്ത്രി എ.സി. മൊയ്തീൻ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക ഫണ്ടായി ആകെ 1400 കോടി രൂപയോളം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതി പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം 961 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. റീബിൽഡ് കേരളയിൽ ഏഷ്യൻ ഡവലപ്മെൻറ് ബാങ്കിന്റെ വികസനനിധിയിൽനിന്ന് 480 കോടി രൂപ 2019ലെ പ്രളയമുണ്ടായ എട്ട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് വേറെയും അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഏകദേശം 1400 കോടി രൂപയുടെ ഫണ്ടുകൾ തുടർന്ന് ഉപയോഗിക്കാനാവുന്നതാണ്. ഗ്രാമീണ റോഡ് നന്നാക്കൽ മഴക്കാലത്തിന് മുമ്പ് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
ട്രഷറിയിൽ ആവശ്യത്തിന് പണം ഇല്ലെന്നതാണ് ട്രഷറി പ്രശ്നത്തിന്റെ ലളിതമായ കാരണം. ജി.എസ്.ടി സംബന്ധിച്ച് നൽകേണ്ട നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ നൽകിയില്ല. കടമെടുക്കാൻ കഴിഞ്ഞ വർഷം കേന്ദ്രം അനുവദിച്ചിരുന്ന പരിധി 24000 കോടി രൂപയായിരുന്നു. ഈ വർഷം ട്രഷറിയിലെ നിക്ഷേപം പോലും കടമായി കണക്കാക്കി 6000 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പ്രളയമുണ്ടാക്കിയ കെടുതികൾ വേറെ. ജി.എസ്.ടി ശാസ്ത്രീയമായി നടപ്പിലാക്കാത്തതിനെ തുടർന്ന് നികുതി വരുമാനത്തിൽ ചോർച്ചയുണ്ടായി. ഇത് ദേശീയ പ്രതിസന്ധിയായി മാറുകയാണ്. പ്രതിസന്ധിമൂലം മറ്റ് വകുപ്പുകളുടെ പദ്ധതി വിഹിതം 30 ശതമാനം വെട്ടിക്കുറച്ചപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഒരു പൈസ പോലും കുറക്കില്ലെന്ന് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാം മാർച്ച് മാസത്തിൽ ചെയ്താൽ മതിയെന്ന, പദ്ധതികൾ സംബന്ധിച്ച പരമ്പരാഗത സമീപനത്തിൽ തിരുത്തൽ വേണമെന്ന് മന്ത്രി പറഞ്ഞു. ബില്ലുകൾ സമർപ്പിക്കുന്നത് മാർച്ച് 31ലേക്ക് നീട്ടരുത്. നേരത്തെ ബില്ലുകൾ സമർപ്പിക്കണം. പാർട്ട് ബില്ലുകൾ പരമാവധി എഴുതണം. ഇന്നത്തെ കണക്കനുസരിച്ച് 1200 തദ്ദേശ സ്ഥാപനങ്ങളുടെ ബില്ല് ആയിരം കോടി രൂപക്ക് താഴെയാണ് പെൻഡിംഗ് ഉള്ളത്. പ്രതിസന്ധികൾ തരണം ചെയ്യാനുള്ള സാമർഥ്യം പ്രകടിപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. ആ കാര്യത്തിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ പുരോഗതി ഈ വർഷവും വേണ്ടത്ര കാണുന്നില്ല. പദ്ധതി അടുത്ത വർഷത്തെ സ്പിൽ ഓവർ ആയി പോവും എന്ന രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഭംഗിയാവില്ല. ഇത് ഗൗരവപ്പെട്ട തിരുത്തൽ വേണ്ട മേഖലയാണ്. ഭരണം ഒരു തുടർച്ചയാണ്. ഇത് തെരഞ്ഞെടുപ്പ് വർഷം ആണെന്നതിന്റെ ആലസ്യം ഉണ്ടാവരുത്. ഉദ്യോഗസ്ഥരായാലും ജനനേതാക്കളായാലും ജനങ്ങളുടെ പ്രശ്നങ്ങളാണ് നാം കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ എൻജിനീയറിംഗ് വർക്കുകൾ പ്രത്യേകമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി. പിശക് പരിശോധിച്ച് നടപടിയുണ്ടാവണമെന്നും മന്ത്രി ഉത്തരവിട്ടു. ജില്ലാ പഞ്ചായത്തിന്റെ പട്ടികവർഗ കോളനിയുമായി ബന്ധപ്പെട്ട കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ പ്രവൃത്തിയുടെ പാർട്ട് ബില്ല് ആറുമാസമായിട്ടും കൊടുക്കാത്തതിനെ തുടർന്നാണ് കർശന നടപടിക്ക് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അതികർശനമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പദ്ധതികളിലെ വീഴ്ചകൾ പരിശോധിക്കാൻ ജില്ലാ കളക്ടർക്കും നിർദേശം നൽകി.
എൻജിനീയറിംഗ് വിഭാഗം പാർട്ട് ബില്ലുകൾ സമർപ്പിക്കുന്നത് സംസ്ഥാനതലത്തിൽതന്നെ എല്ലാ പത്ത് ദിവസം കൂടുംതോറും അവലോകനം ചെയ്യാൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ എൻജിനീയറിംഗ് പ്രവൃത്തികൾക്ക് പാർട്ട് ബില്ല് എഴുതുന്നതിനുള്ള തടസ്സം പരിശോധിക്കണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാവാത്ത സാഹചര്യത്തിൽ അവിടുത്തെ പ്രവൃത്തികൾക്ക് പ്രത്യേക നിരക്ക് അനുവദിക്കാൻ പ്രൊപ്പോസൽ അയക്കാൻ മന്ത്രി നിർദേശം നൽകി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വീട് നിർമ്മാണത്തിന് കുടിക്കട സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകണം.
മണലിപ്പുഴ സംരംക്ഷണത്തിനായി മണ്ണുസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ കഴിഞ്ഞ വർഷത്തെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ജനുവരി 20നകം നൽകാൻ മന്ത്രി ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി. ഗുണഭോക്തൃ പട്ടിക ലഭിക്കാത്തിനാൽ വ്യവസായ വകുപ്പിന്റെ പദ്ധതി നടത്താനാവുന്നില്ലെന്ന് യോഗത്തിൽ അറിയിച്ചു. കൃത്യവിലോപം കാണിച്ച വ്യവസായ വകുപ്പിലെ ഒരു ഓഫീസർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. പൊയ്യ ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിന്റെ നിർവഹണ ഉദ്യോഗസ്ഥൻ ഇല്ലാത്തത് പരിശോധിക്കാൻ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം വിളിക്കാൻ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. കോസ്റ്റ്ഫോർഡ് ഇതുവരെ ചെയ്ത പ്രവൃത്തികൾ അവലോകനം ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിനായുള്ള ഓപറേഷൻ തിയറ്ററുകൾ കൂടുതലായി സജ്ജീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും നിർദേശം നൽകി.
ജില്ലയിലെ വാർഷിക പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി, വിവിധ വകുപ്പുകളുടെ പദ്ധതികളുടെ പുരോഗതി, ലൈഫ് മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ നിർവഹണ പുരോഗതി എന്നിവയും മന്ത്രി അവലോകനം ചെയ്തു.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, പഞ്ചായത്ത് വകുപ്പ് അഡീഷനൽ ഡയറക്ടർ എം.പി. അജിത് കുമാർ, നഗരകാര്യ വകുപ്പ് ജോയിൻറ് ഡയറക്ടർ എൻ.കെ. ബൽരാജ്, ഗ്രാമവികസന വകുപ്പ് അഡീഷനൽ ഡവലപ്മെൻറ് കമീഷണർ വി.എസ്. സന്തോഷ്‌കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date