Skip to main content

വീടിനൊപ്പം തുടര്‍ സേവനങ്ങളൊരുക്കി സര്‍ക്കാര്‍: ചമ്പക്കുളംകാരുടെ 'ലൈഫ്' ഹാപ്പിയാണ്

ആലപ്പുഴ: വീടെന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചവരുടെ അപൂര്‍വ സംഗമ വേദിയായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബ സംഗമം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ആറ്  പഞ്ചായത്തുകളിലെ 536 ഗുണഭോക്താക്കളാണ് വീട് ലഭിച്ചത്. വീടിനൊപ്പം തുടര്‍ ജീവിതത്തിന് കൈത്താങ്ങേകാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും അദാലത്തില്‍ ഒരുക്കിയിരുന്നു. 

ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസനം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, വ്യവസായ വകുപ്പ്, ക്ഷീര വികസനം, വനിതാ ശിശു വികസനം തുടങ്ങി ഇരുപത് വകുപ്പുകളുടെ സേവനമാണ് ലഭ്യമാക്കിയത്. ഉപഭോക്താക്കളില്‍ പലരും അക്ഷയ വഴിയുള്ള ആധാര്‍ സേവനങ്ങളാണ് കൂടുതലായും പ്രയോജനപ്പെടുത്തിയത്. ലീഡ് ബാങ്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് സേവനവും, കൃഷി വകുപ്പിന്റെയും ക്ഷീര വകുപ്പിന്റെയും വിവിധ സേവനങ്ങളും എല്ലാരും ഉപയോഗപ്പെടുത്തി. വിവിധ വകുപ്പുകളില്‍ നിന്നായി 410, അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 221 അപേക്ഷകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി. 

കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ചാക്കോ അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി.ഡി.ഒ എം മഞ്ജു, ജില്ല ദരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ ജെ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു.

 

date