വീട്ടുടമകളായതിന്റെ സന്തോഷം പങ്കുവെച്ച് ലൈഫ് കുടുംബസംഗമം
ആശ്രയ ഗുണഭോക്താവായ ഇ കെ കാര്‍ത്യായനി ഏറെ സന്തോഷത്തിലാണ്. തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടുകിട്ടിയതിന്റ സന്തോഷം മുഴുവന്‍ ആ മുഖത്ത് പ്രതിഫലിച്ച് കാണാം. കാര്‍ത്യാനിക്ക് മാത്രമല്ല കാഴ്ചയില്ലാത്ത സി ബാലകൃഷ്ണന്റെയും, പി കെ ജലജയുടെയും, ഭാസ്‌കരന്‍ മുക്കാട്ടിലിന്റെയുമൊക്കെ പുഞ്ചിരിക്ക് തിളക്കമേറെയായിരുന്നു. തലശ്ശേരി നഗരസഭ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിലാണ് അവര്‍ ഒത്തുകൂടിയത്. ലൈഫ് മിഷന്റെ ഭാഗമായി പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടു വീട് ലഭിച്ച 155 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.
സംഗമത്തിന്റെ ഭാഗമായി നടത്തിയ അദാലത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച 17 പരാതികളില്‍ 13 എണ്ണത്തിനും പരിഹാരമായി. ആധാറുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിച്ച ആറ് പരാതികളിലും പരിഹാരം കണ്ടു. ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം തലശ്ശേരി ടൗണ്‍ ഹാളില്‍ അഡ്വക്കേറ്റ് എ എന്‍ ഷംസീര്‍ എം എല്‍ എ നിര്‍വഹിച്ചു. ലൈഫ് ഉപഭോക്താക്കള്‍ക്കുള്ള മൊമെന്റോ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വാഴയില്‍ ലക്ഷ്മി, കെ വിനയരാജ്, നഗരസഭ സെക്രട്ടറി കെ മനോഹര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments