ദുരന്തങ്ങളെ പ്രതിരോധിക്കാം; സാമൂഹിക സന്നദ്ധ സേന ഒരുങ്ങുന്നു പ്രാഥമിക യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു
ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണ സംവിധാനമായി സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുന്നു. സംസ്ഥാന വ്യാപകമായി 3,40,000 പേരടങ്ങുന്ന സേനയാണ് രൂപീകരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആനുപാതികമായി അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് ജില്ലാ അടിസ്ഥാനത്തിലും സേന രൂപീകരിക്കാന്‍ തീരുമാനമായി. നൂറുപേര്‍ക്ക് ഒരാള്‍ എന്ന നിലയ്ക്കാണ് സേന രൂപീകരിക്കുക.16 നും 65 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള പ്രതിഫലേച്ഛ കൂടാതെ സേവനം ചെയ്യാന്‍ സന്നദ്ധരായ ഏതൊരാള്‍ക്കും സേനയുടെ ഭാഗമാകാം. രജിസ്ട്രേഷനായുളള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറായി വരികയാണ്. സേനയ്ക്ക് സംസ്ഥാന തലത്തില്‍ ഒരു ഡയറക്ടറേറ്റും ജില്ലാ തലത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോര്പ്പറേഷന് മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിങ്ങ് കമ്മറ്റിയുമാണ് ഉണ്ടാകുക.
ജില്ലാതലത്തില്‍ പത്തു കേന്ദ്രങ്ങളിലായി ഒരു മാസ്റ്റര്‍ ട്രെയിനറുടെ നേതൃത്വത്തില്‍ സേനയ്ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഒരു ജില്ലയ്ക്ക് അമ്പത് ട്രെയിനര്‍മാര്‍ എന്ന നിലക്കാണ് പരിശീലനം സംഘടിപ്പിക്കുക. സേനയില്‍ അംഗമാകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സാക്ഷ്യപത്രം നല്‍കുന്നതോടൊപ്പം സേനയിലെ പ്രവര്‍ത്തനം പാഠ്യേതര പ്രവര്‍ത്തനമായി പരിഗണിക്കുകയും ചെയ്യും. പരിശീലനങ്ങള്‍ മെയ് 15 നകം പൂര്‍ത്തിയാക്കി ജൂണ്‍ ആദ്യ വാരത്തോടെ സേനയുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന രീതിയാലാണ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കഴിഞ്ഞ പ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവരുടെ വിവരങ്ങള്‍ പഞ്ചായത്തുകളും എന്‍ സി സി ഉള്‍പ്പടെ ഉള്ള സംഘടനകളും ക്രോഡീകരിച്ച് ഡാറ്റാ ബാങ്ക് തയ്യാറാക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശിച്ചു. ബാക്കി അംഗങ്ങളെ ഓണ്‍ലൈന്‍ വഴി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് സി രാധാകൃഷ്ണ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍, സംഘടനാ മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments