മലയോര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം; നാല് സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനം 16 ന്
മലയോര മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമം ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരമായി ജില്ലയില്‍ വിവിധ സബ്സേറ്റഷനുകള് ഉദ്ഘാടനം ചെയ്യുന്നു. ശ്രീകണ്ഠാപുരം 110 കെ വി സബ്സ്റ്റേഷന്, കേളകം 33 കെ വി സബ്സ്റ്റേഷന്, നെടുംപൊയില്‍ 110 കെ വി സബ്സ്റ്റേഷന്, വലിയവെളിച്ചം 110 കെ വി സബ്സ്റ്റേഷന് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 16) വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വഹിക്കും. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഉപയോക്താക്കള്‍ക്ക് തടസ്സം കൂടാതെ ഗുണമേന്മയുള്ള വൈദ്യുതി മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രസരണ രംഗത്ത് കൂടുതല്‍ സബ്സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കുന്നത്.
ശ്രീകണ്ഠാപുരത്ത് 110 കെ വി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സബ്സ്റ്റേഷന്റെയും 12.33 കി.മീ ദൈര്‍ഘ്യമുള്ള ശ്രീകണ്ഠാപുരം വെള്ളാപറമ്പ് 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെയും ഉദ്ഘാടനം രാവിലെ 10.00 മണിക്ക് മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ കെ സി ജോസഫ് എംഎല്‍എ അധ്യക്ഷനാകും. 66 കെ വി യില്‍ നിന്നും 110 കെ വി യായി പ്രസരണ വോള്‍ട്ടേജ് ഉയര്‍ത്തുന്നത് വഴി ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, മലപ്പട്ടം, പടിയൂര്‍, കല്ല്യാട്, ഉളിക്കല്‍, പയ്യാവൂര്‍, ഏരുവേശ്ശി, ചെങ്ങളായി, വളക്കൈ എന്നീ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാകും.
പുതുതായി സ്ഥാപിക്കുന്ന 33 കെ വി കേളകം സബ്സ്റ്റേഷന് നിലവില്‍ വരുന്നതോടെ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് വര്‍ധനവിനൊപ്പം തടസ്സം കൂടാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭിക്കാനും സഹായകരമാകും. അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12 മണിക്ക് സബ്സ്റ്റേഷന് മന്ത്രി നാടിന് സമര്‍പ്പിക്കും.
66 കെ വി യില്‍ നിന്നും 110 കെ വിയായി നെടുംപൊയില്‍ സബ്സ്റ്റേഷന്റെ പ്രസരണ വോള്‍ട്ടേജ് ഉയര്‍ത്തുന്നത് വഴി മലയോര മേഖലകളായ കൊളക്കാട്, ചുങ്കക്കുന്ന്, അമ്പായത്തോട് എന്നീ പ്രദേശങ്ങളിലും കണ്ണവം ടൗണ്‍ മുതല്‍ കോളയാട് വരെയും പരിസര പഞ്ചായത്തുകളായ കണിച്ചാര്‍, കോളയാട് എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേയും ഏറെ നാളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിനാണ് പരിഹാരമാകുന്നത്. ഇതിന്റെ ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ നടക്കും.
കെഎസ്ഐഡിസിയുടെ വ്യാവസായികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലിയവെളിച്ചം, മാനന്തേരി, കൂത്തുപറമ്പ്, മൂര്യാട്, ചെറുവാഞ്ചേരി ,പാട്യം കണ്ണവം, ചിറ്റാരിപ്പറമ്പ് പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനുമായാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വലിയവെളിച്ചം വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ 110കെ.വി സബ്സ്റ്റേഷന് നിര്‍മ്മിച്ചത്. പ്രദേശത്തെ അമ്പതിനായിരത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതി വൈകിട്ട് 5.30 ന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ പി ജയരാജന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
- Log in to post comments