Skip to main content
പാതയോരം ഹരിതതീരം പരിപാടിയിൽ സന്തോഷ് കീഴാറ്റൂർ

ഹരിതയോരമാകാന്‍ പാതയോരങ്ങള്‍: ശുചീകരണ പ്രവൃത്തി നടത്തി

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ പരിയാരം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'പാതയോരം ഹരിതയോരം' പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരം ശുചീകരിച്ചു. ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.
എല്ലാ കാര്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന മലയാളികള്‍ പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ ഏറെ പിറകിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലപ്പോഴും പൊതു ഇടങ്ങള്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയാനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. മാലിന്യങ്ങള്‍ കാരണം പൊതു ഇടങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ നാടിനെ എങ്ങനെ സുന്ദരമാക്കാം എന്നതാവണം ഓരോരുത്തരുടേയും ചിന്ത. ഭാവി തലമുറയ്ക്ക് വൃത്തിയോട് കൂടി ഈ ഭൂമി കൈമാറാനാകണമെന്നും സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി ചുടല മുതല്‍ കുപ്പം വരെ ദേശീയപാതയോരം ശുചീകരിച്ചു.
പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ് ചടങ്ങില്‍ അധ്യക്ഷനായി. സംവിധായകന്‍ ഷെരീഫ് ഈസ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി രമ, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജനപ്രതിനിധികള്‍, അങ്കണവാടി, ആശ, കുടുംബശ്രീ, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date