Skip to main content

വീടിനൊപ്പം  അന്തസ്സാര്‍ന്ന ജീവിതവും'' ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും  അദാലത്തും  മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു

 

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അര്‍ഹരായവര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും തവനൂര്‍ നിയോജക മണ്ഡലത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, കൃഷി തുടങ്ങി അടിസ്ഥാന മേഖലകളില്‍ സമഗ്ര വികസനമാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  എടപ്പാള്‍ ഗോള്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായി. 
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയായവരുടെയും പണി ആരംഭിച്ചവരുടെതുമായ 523 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു. നാല് പഞ്ചായത്തുകളില്‍ നിന്നായി 427 വീടുകളുടെ നിര്‍മ്മാണം ലൈഫ് ഭവനപദ്ധതിയിലൂടെ പൂര്‍ത്തിയായിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവര്‍ക്ക് ലഭ്യമാകേണ്ട വിവിധ സാമൂഹ്യ സുരക്ഷാ  സേവനങ്ങള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നതിനും പരാതികള്‍ തീര്‍പ്പാക്കുന്നതിനും 20 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെ അദാലത്തും ചടങ്ങില്‍ നടന്നു.
  പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ മുഖ്യപ്രഭാക്ഷണം നടത്തി. ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ പി.പി ബിജോയ്, പി.പി അബ്ദുള്‍ നാസര്‍, ശ്രീജ പാറയ്ക്കല്‍, കെ.പി കവിത, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍  പങ്കെടുത്തു.

date