Skip to main content

ലൈഫ് ഭവന പദ്ധതി:നിലമ്പൂര്‍ നഗരസഭയില്‍  പൂര്‍ത്തിയായത് 192 വീടുകള്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

 

നിലമ്പൂര്‍ നഗരസഭയില്‍ പി.എം.എ.വൈ - ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചവരുടെ കുടുംബസംഗമം നടന്നു. നഗരസഭ കൗണ്‍സില്‍ ഹാളില്‍  നടന്ന  ചടങ്ങ് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്  ഉദ്ഘാടനം ചെയ്തു. വൈസ്  ചെയര്‍മാന്‍ പി.വി ഹംസ അധ്യക്ഷത വഹിച്ചു.
192 വീടുകളാണ് ലൈഫ് - പി.എം.എ.വൈ ഭവന പദ്ധതികളിലായി നഗരസഭ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗുണഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സുകള്‍ക്ക് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഫിലിപ്പ് മമ്പാട്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ റെജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ശുചിത്വ മിഷന്‍ തുണി സഞ്ചികള്‍ വിതരണം ചെയ്തു.
സംഗമത്തിനോടനുബന്ധിച്ച് നടന്ന അദാലത്തില്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹികനീതി, കുടുംബശ്രീ, ഐ.ടി.,  തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി-വര്‍ഗ വകുപ്പ്, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്‍, വനിതാ ശിശുക്ഷേമം, ഗ്രാമവികസനം, ലീഡ് ബാങ്ക് തുടങ്ങി  വകുപ്പുകളുടെയും ഏജന്‍സികളുടെയും നേതൃത്വത്തില്‍ ഗുണഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി.
നഗരസഭ സെക്രട്ടറി ഫിറോസ് ഖാന്‍, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ  പാലോളി മെഹബൂബ്, ഗോപിനാഥന്‍,  സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ മുംതാസ് ബാബു, ഷേര്‍ളി ടീച്ചര്‍, ശ്രീജ ചന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
 

date