ലൈഫ് മിഷനിലൂടെ പുതിയ ലൈഫ് കിട്ടിയ സന്തോഷത്തില്‍ ത്രേസ്യാമ്മയും വിലാസിനിയും
ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ചു കിട്ടിയ സന്തോഷത്തിലാണ് അങ്ങാടിപ്പുറം സ്വദേശി ഇട്ടിക്കല്‍ ത്രേസ്യാമ്മയും കീഴാറ്റൂര്‍ സ്വദേശി കളരിക്കല്‍ വിലാസിനിയും. താമസിച്ചിരുന്ന വീട് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് അയല്‍ വീടുകളിലും മറ്റുമായിരുന്നു ത്രേസ്യാമ്മയുടെ താമസം. വാടകയ്ക്ക് വീടെടുത്തു താമസിക്കാനുള്ളത്ര സാമ്പത്തിക ശേഷിയും കഴിവും ത്രേസ്യാമ്മക്കില്ലായിരുന്നു. ആകെയുള്ള വരുമാനം സര്‍ക്കാര്‍ വക പെന്‍ഷനും. വീടിന് അപേക്ഷ നല്‍കി ഒരു വര്‍ഷംകൊണ്ട് വീട് പണിയും പൂര്‍ത്തിയാക്കി. കുന്നിന്‍ പ്രദേശമായതിനാല്‍ വീടുപണി ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. മൂന്നു പെണ്‍മക്കളാണ് ത്രേസ്യാമ്മക്കുള്ളത്. മൂന്നുപേരും കല്യാണം കഴിഞ്ഞ് പോയതോടെ ഒറ്റക്കാണ് താമസം. പൊളിഞ്ഞ് വീണ വീട്ടില്‍ നിന്നും അടച്ചുറപ്പുള്ള വീട് കിട്ടിയ സന്തോഷം എത്ര പറഞ്ഞാലും മതിയാവില്ല ത്രേസ്യാമ്മക്ക്.
മണ്ണുകൊണ്ടുള്ള ഷീറ്റ് വലിച്ചുക്കെട്ടിയ ഒറ്റമുറി വീട്ടിലായിരുന്നു കീഴാറ്റൂര്‍ സ്വദേശി കളരിക്കല്‍ വിലാസിനിയുടെ താമസം. ബന്ധുകളാരുമില്ലാതെ തനിച്ചു കഴിയുന്ന വിലാസിനിക്കും അടച്ചുറപ്പുള്ള സ്വന്തമായൊരു വീട് ഇതുവരേയും ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നത്തിനാണ് ലൈഫ് മിഷനിലൂടെ സാക്ഷാത്കാരമായത്. അപേക്ഷ നല്‍കി ഒരു വര്‍ഷത്തിനകം തന്നെ പണിപൂര്‍ത്തിയാക്കാനായി. വീടുപണിയുടെ ഓരോ ഘട്ടത്തിലുമായി മുഴുവന്‍ തുകയും കൃത്യമായി ലഭിച്ചു എന്നും വിലാസിനി പറഞ്ഞു. പണിയെടുത്തു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാരിന്റെ പെന്‍ഷനും, ആശ്രയ പദ്ധതി വഴി ലഭിക്കുന്ന സഹായങ്ങളും കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. പൊളിഞ്ഞു വീഴാറായ വീട്ടില്‍ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാനായതില്‍ അതീവ സന്തോഷത്തിലാണ് വിലാസിനിയും.ലൈഫ് പദ്ധതിയിലൂടെ വീടു ലഭിച്ച ആയിരങ്ങളിലെ കണ്ണികളായി ഇവരും മാറുന്നു.
- Log in to post comments