തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ പാതി വഴിയില്‍ ഉപേക്ഷിക്കില്ല -മന്ത്രി ഡോ.കെ.ടി ജലീല്‍
ലൈഫ് ഭവന പദ്ധതി ഉള്‍പ്പടെ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ തുടരുക തന്നെ ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പദ്ധതിയും ഏതെങ്കിലും ഘട്ടത്തില്‍ അവസാനിപ്പിക്കാനുള്ള നീക്കം സര്‍ക്കാരിനില്ല. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹരായവര്‍ക്ക് ഇനിയും വീടുകള്‍ നിര്‍മ്മിക്കുമെന്നും ഇത് വഴി സംസ്ഥാനത്ത് ഭവന രഹിതര്‍ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല അധ്യക്ഷയായിരുന്നു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിലായി പണി പൂര്‍ത്തീകരിച്ച 1,312 വീടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിരിക്കുന്നത്. സംഗമത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തുണി സഞ്ചികളും വിതരണം ചെയ്തു. തുണി സഞ്ചികളുടെ വിതരണോദ്ഘാടനം മന്ത്രി ഡോ. കെ.ടി ജലീല്‍ തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിക്ക് നല്‍കി നിര്‍വഹിച്ചു. അദാലത്തില്‍ ഇരുപതോളം വകുപ്പുകളുടെ സേവനവും ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. അദാലത്തില്‍ പങ്കെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക് അപേക്ഷ എഴുതി നല്‍കാനായി രജിസ്ട്രേഷന്‍ കൗണ്‍റില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു.
- Log in to post comments