Skip to main content
കൊടക്കാട് നടത്തിയ ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. 

പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത    കൈവരിക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

   പാല്‍ ഉല്‍പാദന രംഗത്ത് കേരളം പിറകിലാണെന്നും അതിന് മാറ്റമുണ്ടാകണമെന്നും തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ എത്ര പാല്‍ ഉദ്പാദിപ്പിച്ചാലും അത് ന്യായമായ വിലനല്‍കി സംഭരിക്കാന്‍ സംസ്ഥാനത്തിന് കഴിയും. പാലില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കി കൂടുതല്‍ വരുമാനം നേടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൊടക്കാട് ഓലാട്ട് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
    2015-16 വര്‍ഷത്തില്‍ രാജ്യത്ത് 1555 ലക്ഷം മെട്രിക് ടണ്‍ പാല്‍ ഉദ്പാദിപ്പിച്ചപ്പോള്‍ കേരത്തിന്റെ ഉദ്പാദനം 26.50 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ്. ഇതു സൂചിപ്പിക്കുന്നത് പാല്‍ ഉദ്പാദന രംഗത്ത് സംസ്ഥാനം പിന്നിലാണെന്നാണ്. 2006-07 വര്‍ഷ കാലയളവിലെ ഉദ്പാദനം 21.19 ലക്ഷത്തില്‍ നിന്ന് മാറ്റം ഉണ്ടെങ്കിലും ഇനിയും മുന്നേറുവാനുണ്ട്. ക്ഷീരകര്‍ഷകരെ ഈ രംഗത്ത് പിടിച്ചുനിര്‍ത്തുവാന്‍ കഴിയണം. വിവിധ പ്രശ്‌നങ്ങള്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്നുണ്ട്. ഇതിന്     പരിഹാരം കാണണം. അതിനുള്ളശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നമ്മള്‍ അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗുണം നിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമാണ് പലതും. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കാന്‍ നമ്മുക്ക് കഴിയണം. നെല്‍ക്കൃഷി മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍മൂലം മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

    നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷതവഹിച്ചു.ബേക്കല്‍ തീരദേശപോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ് വിശിഷ്ടാതിഥിയായിരുന്നു. സീരിയല്‍താരം ബേബി നിരഞ്ജന ഭാഗ്യശാലിയെ കണ്ടെത്തി. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍, രാഷ്ട്രീയ സാമുഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.     

 

    ക്ഷീരവികസന വകുപ്പ് ജില്ലയിലെ  ക്ഷീരസഹകരണ സംഘങ്ങളുടെ  സഹകരണത്തോടെ നടത്തിയ ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് ഓലാട്ട് ക്ഷീരസംഘത്തിലെ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കന്നുകാലി പ്രദര്‍ശനം, ക്ഷീരസംഘം ജീവനക്കാര്‍ക്കുളള  ശില്‍പ്പശാല, ക്ഷീരകര്‍ഷക മുഖാമുഖം, ഗവ്യജാലകം, ക്ഷീരവികസന സെമിനാര്‍, ഡയറി എക്‌സ്‌പോ, സൗജന്യമെഡിക്കല്‍ ക്യാമ്പ്, നാടന്‍ കലാമേള, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു. രാവിലെ നടന്ന ചടങ്ങില്‍ ക്ഷീരകര്‍ഷക സംഗമം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. 

 

date