ജില്ലയില്‍ ദേശീയ സാമ്പിള്‍ സര്‍വ്വേക്ക് തുടക്കമായി
രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന 78-ാമത് ദേശീയ സാമ്പിള്‍ സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. 2020 ജനുവരിയില്‍ ആരംഭിച്ച് ഡിസംബര്‍ 31 ന് സര്‍വ്വേ അവസാനിക്കും. ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും 2030 ല്‍ രാജ്യം കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളുമാണ് സര്‍വേയിലൂടെ ശേഖരിക്കുക. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളിലൂടെ വിവരശേഖരണം നടത്തും. ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന നഗര-ഗ്രാമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പാര്‍പ്പിടങ്ങളുടെയും ആളുകളുടെയും പട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കുന്ന വീടുകളില്‍ നിന്നാണ് വിവരശേഖരണം നടത്തുക. കൈവശഭൂമി, കന്നുകാലി സമ്പത്ത്, കടബാധ്യത, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയുടെ സാമൂഹിക ഉപഭോഗം, കുടുംബം ചെലവുകള്‍, തൊഴില്‍, തൊഴിലില്ലായ്മ, അസംഘടിതമേഖലയിലെ കാര്‍ഷികേതര സംരംഭങ്ങള്‍, കേന്ദ്രമന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്കും മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ എന്നിവയാണ് ശേഖരിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments